|
തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി സംസ്ഥാന നേതൃത്വത്തിന് എതിരെ വ്യാപക പോസ്റ്ററുകള്‍. സംസ്ഥാന സമിതി ഓഫീസ് നിര്‍മാണത്തില്‍ അഴിമതി ഉണ്ടായി എന്ന് ആരോപിച്ചാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് തിരുവനന്തപുരത്ത് എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സുകളിലടക്കം പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്.
സേവ് ബിജെപി ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. വി വി രാജേഷ്, എം ഗണേശ്, സി ശിവന്‍കുട്ടി തുടങ്ങിയ നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തണമെന്നും ഓഫീസ് നിര്‍മാണത്തിന്റെ മറവില്‍ സ്വന്തം വീട് നിര്‍മിച്ച സംസ്ഥാന നേതാവിനെ പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പോസ്റ്ററുകള്‍.
വൈകിട്ട് നടക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ജെ പി നദ്ദ തലസ്ഥാനത്തെത്തുന്നത്. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലും നദ്ദ പങ്കെടുക്കുന്നുണ്ട്. ബിജെപി സംസ്ഥാന സമിതി ഓഫീസിന്റെ നിര്‍മാണം അന്തിമഘട്ടത്തിലായിരിക്കെയാണ് ഗുരുതര ആരോപണവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.



