സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപോര്‍ട്ട് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് ഡിജിപിക്ക് കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി ഡി സി ബുക്‌സ് ഉടമ ഡിസി രവിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ഇ പി.ജയരാജനും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്നു പോലീസ് പരിശോധിച്ചിരുന്നു.
|
ഇ പി ജയരാജനുമായി വാക്കാല്‍ കരാര്‍ ഉണ്ടെന്ന രവി ഡിസി പോലീസിനെ അറിയിച്ചിരുന്നു. പുസ്തകം വരുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റും 170ല്‍ അധികംവരുന്ന പേജുകളുടെ പിഡിഎഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നും രവി അന്വേഷണ സംഘത്തോടു പറഞ്ഞു. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് പോളിങ് ദിനത്തിലാണ് ഇ.പി. ജയരാജന്റെ ആത്മകഥയിലേതെന്ന് പറഞ്ഞുള്ള ഭാഗങ്ങള്‍ പുറത്തെത്തിയത്. രണ്ടാം പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ട ഈ ഭാഗം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
അതേസമയം ആത്മകഥ എഴുതി കഴിഞ്ഞിട്ടില്ലെന്നും ആരെയും പ്രസിദ്ധീകരിക്കാന്‍ ഏല്‍പ്പിച്ചിട്ടില്ലെന്നും ജയരാജനും പ്രതികരിച്ചിരുന്നു. ഡി സി രവിയുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ ബി ശ്രീകുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് എം വി ശ്രീകുമാറിനെ ഡി സി ബുക്സ് സസ്‌പെന്‍ഡ് ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





