16
Apr 2023
Sat
16 Apr 2023 Sat

കൊച്ചി: ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം സിനിമയുടെ ട്രെയിലര്‍ ചോര്‍ന്നു. യുടൂബിലും ട്വിറ്ററിലുമാണ് ട്രെയിലര്‍ പ്രചരിക്കുന്നത്. ഫോര്‍ പ്രിവ്യൂ എന്ന് രേഖപ്പെടുത്തിയ പതിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അടുത്ത കാന്‍ ഫെസ്റ്റിവെലില്‍ സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ നടത്താനാണ് ചിത്രത്തിലെ നായകന്‍ പൃഥിരാജും സംവിധായകന്‍ ബ്ലസിയും ആലോചിക്കുന്നത്. ഇതിന്റെ പ്രമോഷന്‍ അടുത്ത ആഴ്ച തുടങ്ങാനിരിക്കെയാണ് ട്രെയിലര്‍ ചോര്‍ന്നത്. ഇതിന്റെ ഭാഗമായുള്ള പ്രമോഷന്‍ അടുത്ത ആഴ്ച തുടങ്ങും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രിവ്യൂ പതിപ്പ് ലീക്കായതോടെ ട്രെയിലറിന്റെ ഒറിജിനല്‍ പൃഥിരാജ് തന്നെ ഫെയ്സ്ബുക്കിലൂടെ റിലീസ് ചെയ്തു.

അതേസമയം, ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് തിരക്കഥാകൃത്ത് ബെന്യാമിന്‍ പറഞ്ഞു. യു ടൂബില്‍ വന്ന ആടുജീവിതം ഒഫീഷ്യല്‍ അല്ലെന്ന് സംവിധായകന്‍ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേള്‍ഡ് മാര്‍ക്കറ്റിനു വേണ്ടി / ഫെസ്റ്റിവല്‍സിനു വേണ്ടി സമര്‍പ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഓണ്‍ലൈന്‍ മാഗസില്‍ വന്നതാണ്. പടത്തിന്റെ ധാരാളം വര്‍ക്ക് ഇനിയും പൂര്‍ത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഒഫീഷ്യല്‍ ട്രെയിലര്‍ വരുമെന്ന് അറിയിക്കുന്നു. അതുവരെ ദയവായി കാത്തിരിക്കുക- ബെന്യാമിന്‍ പറഞ്ഞു.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. ജോലി തേടി കുടുംബത്തെയും ഗ്രാമത്തെയും ഉപേക്ഷിച്ച് പോയ മലയാളി പ്രവാസി തൊഴിലാളിയായ നജീബിന്റെ കഥയാണ് ‘ആടുജീവിതം’. മലയാളത്തില്‍ ഏറ്റവുമധികം നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ‘ആടുജീവിതം’. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്. കൊവിഡ് സമയത്ത് ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിട്ട ചിത്രം കൂടിയാണ് ‘ആടുജീവിതം’. ഈ വര്‍ഷം ഒക്ടോബര്‍ 20നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെഎസ് സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.