20
Jun 2023
Mon
20 Jun 2023 Mon

കൊച്ചി; സിനിമാ ചിത്രീകരണത്തിനിടെ കാലിനു പരിക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു സംഭവം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൃഥ്വിയെ ഇന്ന് രാവിലെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. മറയൂർ ബസ് സ്റ്റാൻഡിൽ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് തെന്നി വീഴുകയായിരുന്നു. കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനമാണു ചിത്രീകരിച്ചുകൊണ്ടിരുന്നത്. രാവിലെ 10.30 നായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നുള്ള സംഘട്ടനം ചിത്രീകരിച്ചശേഷം ചാടിയിറങ്ങുന്നതിനിടെ താരം തെന്നിവീഴുകയായിരുന്നു. കാലിന്റെ ലിഗമെന്റിനാണ് പരുക്കേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മറയൂരിലെ ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. കുറച്ചു മാസങ്ങളായി മറയൂരിലാണു സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഷമ്മി തിലകനും അനു മോഹനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉർവശി തിയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്.