|
ചെന്നൈ: സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായി. വെള്ളിയാഴ്ച വൈകിട്ട് ആറര മണിയോടെയായിരുന്നു വിവാഹം. വീട്ടിൽ വച്ച് നടന്ന വിവാഹത്തിൽ വളെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കു ചേർന്നത്. അമേരിക്കൻ പൗരയും വിഷ്വൽ എഫക്ട് പ്രൊഡ്യൂസറുമായ മെർലിൻ ആണ് വധു. പ്രണയ വിവാഹമാണ്.
വിവാഹ മോചിതരായ ലിസിയും പ്രിയദർശനും മക്കളുടെ എന്ത് കാര്യത്തിന് വേണ്ടിയും ഒരുമിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. മകന്റെ കല്യാണത്തിന് ഒരുമിച്ച ഇരുവരും അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് നിന്ന് ചടങ്ങുകൾ എല്ലാം ഭംഗിയായി ചെയ്തു.
ചെന്നൈയിലെ പുതിയ ഫ്ളാറ്റിൽ വച്ച് ആയിരുന്നു വിവാഹം. പ്രിയദർശനും ലിസിയ്ക്കും കല്യാണി പ്രിയദർശനും പുറമെ പത്ത് പേർ മാത്രം അടങ്ങുന്ന ലളിതമായ ചടങ്ങിൽ ആയിരുന്നു വിവാഹം. വിവാഹ ശേഷം മാത്രമാണ് മാധ്യമങ്ങളെ പോലും വിവരം അറിയിച്ചത്.
കല്യാണ പ്രിയദർശൻ സിനിമാ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സിദ്ധാർത്ഥിന് താത്പര്യം സാങ്കേതിക രംഗത്ത് ആയിരുന്നു. അമേരിക്കയിൽ നിന്ന് ഗ്രാഫിക്സ് കോഴ്സിന് ബിരുദം നേടിയ സിദ്ധാർത്ഥ് അച്ഛൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബി കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ചെയ്തു.
ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന – ദേശീയ അംഗീകാരങ്ങളും സിദ്ധാർത്ഥിനെ തേടിയെത്തി. 2019 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മരക്കാറിന്റെ വിഎഫ്എക്സിന് പ്രത്യേക ജൂറി പരമാർശം ഉണ്ടായിരുന്നു. ഇതേ ചിത്രത്തിലൂടെ മികച്ച സ്പെഷ്യൽ എഫക്ടിനുള്ള ദേശീയ പുരസ്‌കാരവും സിദ്ധാർത്ഥ് നേടി


