21
Jun 2023
Tue
21 Jun 2023 Tue

പാരിസ്: സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടതിന് പിന്നാലെ നെയ്മറെയും കൈവിടാനൊരുങ്ങുന്ന പി.എസ്.ജിക്ക് കനത്ത തിരിച്ചടിയായി കിലിയന്‍ എംബാപ്പെയും നിര്‍ണായക തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. 2024 സീസൺ അവസാനം വരെയാണ് 23കാരനായ എംബാപ്പെയ്ക്ക് പിഎസ്ജിയുമായി കരാറുള്ളത്. പരസ്പര ധാരണയിൽ ഇത് ഒരു വർഷം കൂടി നീട്ടാമെന്നാണ് കരാർ. എന്നാൽ അടുത്ത വർഷം കരാർ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടാനാണ് എംബാപ്പെ ഇപ്പോൾ ആലോചിക്കുന്നത്. എംബാപ്പെക്കായി ദീർഘനാളായി രംഗത്തുള്ള റയൽ മാഡ്രിഡ് തന്നെയാണ് സൂപ്പർ താരത്തിൻറെ ലക്ഷ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫ്രഞ്ച് മാധ്യമമായ ‘ലെ ക്വിപ്പ്’ ആണ് വാർത്ത പുറത്തുവിട്ടത്. ഇതോടെ കടുത്ത തീരുമാനത്തിലേക്ക് പി.എസ്.ജി കടന്നേക്കുമെന്നാണ് ലെ ക്വിപ്പ് റിപ്പോർട്ട് ചെയ്യുന്നത്. താരത്തെ ഫ്രീ ഏജന്റാക്കി വിടുന്നത് ക്ലബിന് വലിയ നഷ്ടമാകും. ഇതിനാൽ, നിലവിലെ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ താരത്തെ വിൽക്കാനൊരുങ്ങുകയാണ് പി.എസ്.ജി. ഒന്നുകിൽ എംബാപ്പെ കരാർ പുതുക്കണം. അല്ലെങ്കിൽ താരത്തെ വിൽക്കുമെന്ന നിലപാടിലാണ് ക്ലബെന്ന് ലെ ക്വിപ്പ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

എംബാപ്പെയെ റിലീസ് ചെയ്യുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് മുന്നിലുണ്ടാകും. താരത്തെ സ്വന്തമാക്കാൻ ഇതിനുമുൻപും രണ്ടു തവണ റയൽ നീക്കംനടത്തിയിരുന്നു. ക്ലബ് പ്രസിഡന്റ് ഫ്ളോറന്റിനോ പെരെസ് അറിയപ്പെട്ട എംബാപ്പെ ആരാധകൻ കൂടിയാണ്. കരീം ബെൻസേമ സൗദിയിലേക്ക് കൂടുമാറിയ ഒഴിവുൽ കൃത്യമായ പകരക്കാരനാകും എംബാപ്പെയന്ന വിലയിരുത്തൽ റയലിനകത്തുണ്ട്. കഴിഞ്ഞയാഴ്ചയാണ് പി.എസ്.ജി വിട്ട് ലയണൽ മെസി അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിലേക്ക് കുടിയേറിയത്. നെയ്മറും ക്ലബ് വിടുമെന്ന് സൂചനകൾ നൽകിക്കഴിഞ്ഞിട്ടുണ്ട്.