പുനെ: ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പുനെ സ്വദേശിയായ 75-കാരനായ ഡോക്ടറില്‍ നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ 12.31 കോടി രൂപ കവര്‍ന്നു. വെറും 11 ദിവസം കൊണ്ട് നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാം എന്നായിരുന്നു വാഗ്ദാനം.
|
തങ്ങള്‍ വഴി നിക്ഷേപം നടത്തിയാല്‍ 11 ദിവസത്തിനുള്ളില്‍ 54 കോടി രൂപ വരെ ലാഭം ലഭിക്കുമെന്ന് ഡോക്ടറെ വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ പണം തട്ടിയത്. പെട്ടെന്ന് വലിയ ലാഭം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇരയായ വ്യക്തി ആഴ്ചകളോളം പണം കൈമാറിക്കൊണ്ടിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയുള്ള തട്ടിപ്പ്
ഈ വര്‍ഷം ജനുവരിയിലാണ് തട്ടിപ്പിന്റെ തുടക്കം. ഓഹരി വിപണിയില്‍ നിന്ന് വലിയ ലാഭം വാഗ്ദാനം ചെയ്ത് അജ്ഞാത നമ്പറില്‍ നിന്ന് ഡോക്ടര്‍ക്ക് സന്ദേശം ലഭിച്ചു. അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചതോടെ തട്ടിപ്പുകാര്‍ അദ്ദേഹത്തെ ‘VIP Stock 24’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു. ഈ ഗ്രൂപ്പ് വഴി ആകര്‍ഷകവും ലാഭകരവുമെന്ന് തോന്നിപ്പിക്കുന്ന നിക്ഷേപ പദ്ധതികള്‍ അവര്‍ പങ്കുവെച്ചു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ 11 ദിവസത്തിനുള്ളില്‍ പണം പലമടങ്ങ് വര്‍ധിക്കുമെന്ന് അവര്‍ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചു.
വ്യാജ ആപ്പും വ്യാജ ലാഭവും
അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ ഒരു കമ്പനിയുടെ പേരിനോട് സാമ്യമുള്ള ഒരു വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവര്‍ ഡോക്ടറോട് ആവശ്യപ്പെട്ടു. വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും ശേഖരിച്ച ശേഷം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കാന്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹം അയച്ച തുകയെല്ലാം ഈ വ്യാജ ആപ്പില്‍ നിക്ഷേപമായി കാണിക്കുകയും ലാഭം ലഭിക്കുന്നത് പോലെ വ്യാജ കണക്കുകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ പദ്ധതി യഥാര്‍ത്ഥമാണെന്ന് ഡോക്ടര്‍ വിശ്വസിച്ചു.
ഭീഷണിപ്പെടുത്തി പണം തട്ടി
മാര്‍ച്ച് 7-നും 18-നും ഇടയിലായി എട്ട് ട്രാന്‍സാക്ഷനുകളിലൂടെ 12.31 കോടി രൂപയാണ് ഇദ്ദേഹം കൈമാറിയത്. കൂടുതല്‍ പണം നിക്ഷേപിക്കാന്‍ അദ്ദേഹം മടിച്ചപ്പോള്‍, ഡോക്ടറുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തി. ഇതോടെ പേടിച്ചുപോയ അദ്ദേഹം വീണ്ടും പണം കൈമാറാന്‍ നിര്‍ബന്ധിതനായി.
ഏകദേശം മൂന്ന് മാസത്തോളം പണം കൈമാറിയെങ്കിലും വാഗ്ദാനം ചെയ്ത ലാഭം ലഭിക്കാതെ വരികയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ സൈബര്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം എങ്ങോട്ടാണ് കൈമാറിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.



