15
Aug 2023
Sun
15 Aug 2023 Sun

യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ട് വന്ദിച്ച് രജനികാന്ത്; രോഷത്തോടെ തമിഴ് ജനത

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വന്ദിച്ച നടപടി തമിഴര്‍ക്കിടയില്‍ രോഷത്തിനിടയാക്കുന്നു. ലഖ്‌നൗവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് ഇന്നലെയായിരുന്നു കൂടിക്കാഴ്ച. താരത്തിനൊപ്പം ഭാര്യ ലതയും ഉണ്ടായിരുന്നു. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. കൂടിക്കാഴ്ചയുടെ വീഡിയോയും വൈറലായി.

രജനികാന്ത് യോഗിയെ അഭിവാദ്യം ചെയ്ത്, കാല്‍തൊട്ടു വന്ദിച്ച് പൂച്ചെണ്ട് നല്‍കുന്നതാണ് വീഡിയോയില്‍. ജയിലര്‍ സിനിമ യോഗി ആദിത്യനാഥിനൊപ്പം കാണുന്നതിനായാണ് രജനികാന്ത് യുപിയിലെത്തിയത്. ഹിമാലയന്‍ സന്ദര്‍ശനത്തിന് ശേഷമാണ് രജനികാന്ത് യുപിയിലെത്തിയത്.

വീഡിയോ വൈറലായതോടെ രജനികാന്ത് യോഗിയുടെ കാല്‍തൊട്ട് ഉപചാരമറിയിച്ചതില്‍ നീരസമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നടനേക്കാള്‍ പ്രായക്കുറവുള്ള ഒരാളെ കാല്‍തൊട്ടു വന്ദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും യോഗിയെ പോലെ ഒരാളുടെ കാലില്‍ വന്ദിച്ചത് ശരിയായില്ലെന്നുമാണ് പ്രതികരണം.

‘വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട ഒരാളുടെ കാല്‍ക്കല്‍ വീഴുന്ന ഒരു തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍. ദക്ഷിണേന്ത്യയുടെ അഭിമാനം നഷ്ടപ്പെടുകയാണ്.’

‘തലൈവര്‍ എന്ന് വിളിക്കുന്നവര്‍ ലജ്ജിക്കണം. ഇത്രയും ശക്തമായ സിനിമ പാരമ്പര്യമുള്ള രജനികന്തിനെപ്പോലുള്ള ഒരു മനുഷ്യന്‍ 20 വയസിന് താഴെയുള്ള ഒരാളുടെ കാലില്‍ വീഴുന്നത് വെറുപ്പുളവാക്കുന്നു.’

‘ദ്രാവിഡര്‍ക്ക് നേരെ രജനികാന്ത് അക്ഷരാര്‍ത്ഥത്തില്‍ ഒരു ബോംബാണ് വര്‍ഷിച്ചത്,” തുടങ്ങിയ രൂക്ഷ വിമര്‍ശനങ്ങളാണ് ട്വിറ്ററില്‍ നിറയുന്നത്. പൊതുവേ സംഘ്പരിവാര്‍ രാഷ്ട്രീയത്തോട് അകലം പാലിക്കുന്ന തമിഴ് ജനതക്കിടയില്‍ രജനികാന്തിന്റെ നടപടി ആരാധാകരെ കടുത്ത നിരാശയിലാഴ്തിയിരിക്കുകയാണ്.