പ്രഭാതസവാരിക്കിറങ്ങിയ റിട്ട.അധ്യാപികയുടെ മാല കവര്‍ന്നു; കുപ്രസിദ്ധ മോഷ്ടാവ് കാവനാട് ശശി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
|
കോട്ടയം: പരുന്തുംപാറയില്‍ പ്രഭാതസവാരിക്കിറങ്ങിയ റിട്ടയേഡ് അധ്യാപികയുടെ മാല കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് കാവനാട് ശശി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍. പ്രതികള്‍ക്ക് വാഹനം നല്‍കിയ ആളും മോഷണമുതല്‍ വാങ്ങിയ ആളും ഉള്‍പ്പെടെയാണ് പിടിയിലായത്. തോട്ടപുഴശ്ശേരി മാരാമണ്‍ ഭാഗത്ത് പാറയില്‍ കണ്ടത്തില്‍ വീട്ടില്‍ അനില്‍കുമാര്‍ (38), കുപ്രസിദ്ധ മോഷ്ടാവും വിവിധ കേസുകളില്‍ പ്രതിയുമായ കൊല്ലം പെരുനാട് കൊച്ചടിയത്ത് പനയില്‍ വീട്ടില്‍ കാവനാട് ശശി (51), തിരുവല്ല പൂമംഗലം വീട്ടില്‍ ശരത് (38), ആറന്മുള പറപ്പാട്ടുകരയില്‍ വീട്ടില്‍ ഉല്ലാസ് (40) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെയാണ് റിട്ടയേഡ് അധ്യാപിക പത്മിനിയുടെ നാലു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്. അനില്‍കുമാറും, ശശിയും ചേര്‍ന്ന് ബൈക്കില്‍ പരുത്തുംപാറ ഭാഗത്ത് വച്ച് പ്രഭാത നടത്തത്തിന് ഇറങ്ങിയ വയോധികയെ ആക്രമിച്ച് കഴുത്തില്‍ കിടന്നിരുന്ന മൂന്നു പവന്റെ മാല വലിച്ചു പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇവരുടെ ആക്രമണത്തില്‍ വയോധികയ്ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഹെല്‍മെറ്റ് കൊണ്ട് മുഖം മറച്ച രണ്ടുപേര്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലെത്തി മാല പൊട്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
തുടര്‍ന്ന് സമാനമായ കേസുകളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ഉല്ലാസില്‍ നിന്നും അനില്‍കുമാറും കാവനാട് ശശിയും ബൈക്ക് വാങ്ങിയിരുന്നതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും കൊട്ടാരക്കരയ്ക്ക് സമീപം വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി സൂചന കിട്ടിയത്.
ഇതേത്തുടര്‍ന്ന് പൊലീസ് വീടു വളഞ്ഞതോടെ, ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. മോഷണമുതല്‍ ശരത്തിന് വിറ്റതായി മനസ്സിലാക്കിയതോടെയാണ് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തത്. നാലു പേരെയും കോടതിയില്‍ ഹാജരാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





