20
Jul 2023
Wed
20 Jul 2023 Wed

ചെന്നൈ: തമിഴ് നടന്‍ വിജയ്ക്ക് പിന്നാലെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി തെന്നിന്ത്യന്‍ നടി സാമന്ത. ഒരു വര്‍ഷത്തേക്ക് സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ സാമന്ത തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖുശി, സിറ്റാഡല്‍ എന്നീ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും സാമന്ത ഇടവേളയെടുക്കുക. ഇപ്പോള്‍ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഖുശി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം. അടുത്ത ദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകും. ഖുശി സെപ്റ്റംബര്‍ 1ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ശിവ നിര്‍വാണയാണ് സംവിധായകന്‍. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

വരുണ്‍ ധവാനൊപ്പമുള്ള സിറ്റാഡല്‍ എന്ന വെബ് സീരീസിന്റെ ചിത്രീകരണവും സാമന്ത ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സീരീസ് ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം. ജോലിയില്‍ നിന്ന് ഇടവേള എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ താരം പുതിയ പ്രോജക്ടുകളൊന്നും ഏറ്റെടുത്തിട്ടില്ല. വിവിധ പ്രോജക്ടുകള്‍ക്കായി മുന്‍കൂരായി ലഭിച്ച പണവും സാമന്ത തിരികെ നല്‍കിയതായാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

തനിക്ക് മയോസൈറ്റിസ് എന്ന രോഗം ബാധിച്ച വിവരം താരം നേരത്തെ അറിയിച്ചിരുന്നു. 2022ലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. പേശികളെ ബാധിക്കുന്ന രോഗമാണിത്. ഈ അസുഖം വന്നുകഴിഞ്ഞാല്‍ എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടും. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം മയോസൈറ്റിസ് ബാധിക്കും. തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കുന്നതെന്നാണ് വിവരം.

മയോസൈറ്റിസിനുള്ള ചികിത്സയ്ക്കിടയില്‍ യശോദ, ശാകുന്തളം എന്നീ രണ്ട് ചിത്രങ്ങള്‍ സാമന്ത അഭിനയിച്ചിരുന്നു. യശോദ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഉണ്ണി മുകുന്ദനും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതേസമയം ശാകുന്തളം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. മലയാളി നടന്‍ ദേവ് മോഹന്‍ ആയിരുന്നു ശാകുന്തളത്തില്‍ നായകന്‍.