26
Feb 2026
Thu
26 Feb 2026 Thu

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാവ് വി.കെ. ശശികല സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേര് ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി നിര്‍ണായക ശക്തിയാകുമെന്ന് ശശികല ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സഹയാത്രികയായിരുന്ന ശശികല, ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത്. ജയലളിതയുടെ 78-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് രാമനാഥപുരത്ത് നടന്ന പൊതുസമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പതാക അവര്‍ പുറത്തിറക്കി. കറുപ്പ്‌വെള്ള-ചുവപ്പ് നിറങ്ങളിലുള്ള പതാകയില്‍ സി.എന്‍. അണ്ണാദുരൈ, എം.ജി. രാമചന്ദ്രന്‍, ജയലളിത എന്നിവരുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

എഐഎഡിഎംകെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സ്വന്തം പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനം എടുത്തതെന്ന് ശശികല വ്യക്തമാക്കി. ”പാര്‍ട്ടിയുടെ ഐക്യത്തിനായി ഇത്രയും നാള്‍ ഞാന്‍ മൗനം പാലിച്ചു. എന്നാല്‍ നിലവിലെ സാഹചര്യം എന്നെ പുതിയ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതയാക്കി. 2017-ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയ എഡപ്പാടി കെ. പളനിസ്വാമി എന്നെ വഞ്ചിച്ചു,” അവര്‍ ആരോപിച്ചു.

അഴിമതിക്കേസിലെ ശിക്ഷയെ തുടര്‍ന്ന് 2027 വരെ ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയമപരമായ വിലക്കുണ്ട്. എങ്കിലും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ഡിഎംകെയ്ക്ക എഐഎഡിഎംകെയ്ക്കും ശക്തമായ രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി.

വളരെ കുറഞ്ഞ സമയം കൊണ്ട് പാര്‍ട്ടി സംഘടന ശക്തിപ്പെടുത്താനാകുമോ എന്ന ചോദ്യത്തിന്, ”തമിഴ്നാട് ജനങ്ങള്‍ എന്നെ നന്നായി അറിയുന്നു. അവരുടെ ഇടയിലേക്ക് എത്തുന്നത് എനിക്ക് പ്രയാസമല്ല,” എന്നായിരുന്നു ശശികലയുടെ മറുപടി.