രുദ്രാപ്പൂര്‍: ഉത്തരാഖണ്ഡിലെ രുദ്രാപ്പൂരില്‍ അതരിയ ക്ഷേത്രത്തിന് സമീപമുള്ള തുറസായ സ്ഥലത്ത് നിസ്‌കരിച്ചതിന് നിര്‍മ്മാണ തൊഴിലാളിയായ ഷാഹിദിന് ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ ക്ഷേത്ര മാനേജര്‍ അരവിന്ദ് ശര്‍മ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. റമദാന്‍ മാസത്തില്‍ നടന്ന ഈ സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
|
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
ദിവസ കൂലിക്കാരനായ ഷാഹിദ് അടുത്തുള്ള നിര്‍മ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് ക്ഷേത്രത്തോട് ചേര്‍ന്നുള്ള പറമ്പില്‍ നിസ്‌കരിക്കാനെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം ഇവിടെ പ്രാര്‍ത്ഥന നടത്തിവരികയായിരുന്നു. എന്നാല്‍, ഈ സ്ഥലം ക്ഷേത്രത്തിന്റെ സ്വത്താണെന്ന് അവകാശപ്പെട്ട അരവിന്ദ് ശര്‍മ്മ ഷാഹിദിനെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. വടി ഉപയോഗിച്ച് മര്‍ദ്ദിച്ച ശേഷം ഷാഹിദിനെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.
എന്നാല്‍, ഇത് ക്ഷേത്രത്തിന്റെ സ്ഥലമാണെന്നും ഇവിടെ പ്രാര്‍ഥിക്കരുതെന്ന് നേരത്തെയും ഇദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ശര്‍മ്മ അവകാശപ്പെടുന്നു.
ഷാഹിദിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായും പരിക്കുകള്‍ സാരമുള്ളതല്ലെന്നും പോലീസ് അറിയിച്ചു.
പ്രതിഷേധം ശക്തം
മര്‍ദ്ദന വിവരം പുറത്തുവന്നതോടെ പ്രാദേശിക നേതാക്കളും നാട്ടുകാരും സംഭവത്തെ ശക്തമായി അപലപിച്ചു. പൊതുസ്ഥലങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നത് സാമൂഹിക ഐക്യത്തെ ബാധിക്കുമെന്ന് നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തി.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പോലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. സമാധാനം നിലനിര്‍ത്തണമെന്ന് പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിച്ചുവരികയാണെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





