സൗദി അറേബ്യയില്‍ വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴി മാത്രം നല്‍കണമെന്ന നിയമം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലുടമകള്‍ നിയമം കര്‍ശനമായി പാലിക്കണം. എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കണമെന്നും മാനവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
|
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പലപ്പോഴും ശമ്പളം കൃത്യമായി കിട്ടാതിരിക്കുകയോ വാഗ്ദാനം ചെയ്ത തുക നല്‍കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിനും തൊഴിലാളികള്‍ക്ക് അവരുടെ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പതുവര്‍ഷം മുതല്‍ പുതിയ നിയമം നടപ്പിലാക്കുന്നത്.
ALSO READ: പി.എഫ്.ഐ അയല്‍രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു: എന്‍.ഐ.എ
തൊഴിലുടമയുമായി ഉണ്ടാകാന്‍ സാധ്യതയുള്ള സാമ്പത്തിക തര്‍ക്കങ്ങള്‍ ഒഴിവാക്കാനും പുതിയ നിയമം വഴി കഴിയുമെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം വിലയിരുത്തുന്നു. മുസാനിദ്’ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റല്‍ വാലറ്റുകളോ അംഗീകൃത ബാങ്കുകളോ വഴി മാത്രമേ ജനുവരി ഒന്ന് മുതല്‍ വേതനം കൈമാറാന്‍ അനുവാദമുണ്ടായിരിക്കുയുള്ളു.
നേരത്തെ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിയ നിയമമാണ് പൂര്‍ണമായും രാജ്യത്ത് നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ സംവിധാനം വഴി ലഭിക്കുന്ന ശമ്പളം തൊഴിലാളികള്‍ക്ക് എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പിന്‍വലിക്കാനും നാട്ടിലേക്ക് നേരിട്ട് അയക്കാനും സാധിക്കും.
നിയമം ലംഘിച്ച് തൊഴിലാളികള്‍ക്ക് നേരിട്ട് ശമ്പളം പണമായി നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കരാര്‍ കാലാവധി അവസാനിക്കുമ്പോഴോ അല്ലെങ്കില്‍ തൊഴിലാളി മടങ്ങിപ്പോകുമ്പോഴോ ഉള്ള സാമ്പത്തിക നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ വലിയ സഹായമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.





