Saudi-UAE conflict സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പരസ്പര തെറ്റിദ്ധാരണയെന്ന് സിഎന്‍എന്‍. സുഡാന്‍ ആഭ്യന്തരയുദ്ധത്തിലെ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസിനെ പിന്തുണച്ചതിന് യുഎഇക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടെന്ന തെറ്റായ വാര്‍ത്തയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് സിഎന്‍ റിപോര്‍ട്ടിലുള്ളത്.
|
ഇതില്‍ പ്രകോപിതരായ യുഎഇ, സൗദി അതിര്‍ത്തിയില്‍ വിഘടനവാദികളായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിനെ (എസ്ടിസി) ഉപയോഗിച്ച് പടയൊരുക്കം നടത്തിയതായി സൗദി വിശ്വസിക്കുന്നു. എന്നാല്‍, അമേരിക്കയോട് അത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്ന് സൗദി വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
യെമനില്‍ സഖ്യസേനയുമായി ആലോചിക്കാതെ യുഎഇ സൈനിക ഉപകരണങ്ങള്‍ എത്തിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 30-ന് സൗദി വ്യോമാക്രമണം നടത്തിയിരുന്നു. യുഎഇ സേന രാജ്യം വിടണമെന്ന യെമന്‍ സര്‍ക്കാരിന്റെ ആവശ്യത്തെ പിന്തുണയ്ക്കുകയും ചെയ്തു. സൗദിയുടെ സുരക്ഷയോടുള്ള പ്രതിബദ്ധത യുഎഇ ആവര്‍ത്തിക്കുമ്പോഴും, വിഘടനവാദികള്‍ പിന്‍വാങ്ങിയില്ലെങ്കില്‍ കൂടുതല്‍ ആക്രമണമുണ്ടാകുമെന്ന് സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇരട്ട പൗരത്വമുണ്ടെന്ന് കരുതപ്പെടുന്ന എസ്ടിസി തലവന്‍ ഹൈദറൂസ് അല്‍സുബൈദിക്കെതിരെ യെമന്‍ ജനതയ്ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. യെമന് പുറമെ സിറിയയിലും ആഫ്രിക്കന്‍ കൊമ്പിലും യുഎഇ നടത്തുന്ന ഇടപെടലുകളെ സൗദി ജാഗ്രതയോടെയാണ് കാണുന്നത്.
ഇസ്രായേലുമായി യുഎഇ പുലര്‍ത്തുന്ന അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് യുഎഇ. എന്നാല്‍, ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ഇസ്രായേലുമായി സാധാരണ നിലയിലാകില്ലെന്ന സൗദിയുടെ ഉറച്ച നിലപാടും ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





