ജിദ്ദ: അറബി ഭാഷയുടെ പ്രാദേശിക വാമൊഴി വകഭേദങ്ങള്‍ കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം വികസിപ്പിക്കുന്നതിന് സൗദി അറേബ്യയും ഐബിഎമ്മും കൈകോര്‍ക്കുന്നു. (Saudi-IBM project developing generative AI in several Arabic dialects)സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി(എസ്ഡിഎഐഎ) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടെക്സ്റ്റ് ജനറേഷന് വേണ്ടിയുള്ള തങ്ങളുടെ അറബിക് ലാര്‍ജ് ലാംഗ്വേജ് മോഡല്‍(എല്‍എല്‍എം) ഐബിഎമ്മിന്റെ എഐ-ഡാറ്റാ പ്ലാറ്റ്‌ഫോമായ വാട്‌സോന്‍ക്‌സില്‍ ഉള്‍പ്പെടുത്തുമെന്നാണ് എസ്ഡിഎഐഎ അറിയിച്ചിരിക്കുന്നത്.
|
വീഡിയോ ഗെയിമുകളുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതിനും കമ്പനികളുടെ കസ്റ്റമര്‍ സര്‍വീസ് ചാറ്റ്‌ബോട്ടുകള്‍ക്കും പുതിയ സംവിധാനം പ്രയോജനപ്രദമാവും. വിവിധ അറബി ഭാഷാ വകഭേദങ്ങളില്‍ ഓഡിയോയും ടെക്‌സ്റ്റും നിര്‍മിക്കാന്‍ സാധിക്കുന്നതാണ് എസ്ഡിഎഐഎയുടെ അല്ലാം എന്ന പേരില്‍ അറിയപ്പെടുന്ന എല്‍എല്‍എം. ഗൂഗ്‌ളിന്റെ ജെമിനി, ചാറ്റ് ജിപിടി തുടങ്ങിയവ പോലെ അറബിക് ജിപിടി ടെക്സ്റ്റ് ജനറേറ്ററിന്റെ ജനനത്തിലേക്ക് വഴി തുറക്കുന്നതാണ് സൗദി-ഐബിഎം പദ്ധതി.
അറബി ഭാഷയില്‍ സോഫ്റ്റ്‌വെയറുകള്‍ നിര്‍മിക്കുന്നവര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു അറബി സംസാര ഭാഷയിലെ പ്രാദേശിക വകഭേദങ്ങള്‍. വാര്‍ത്താ അവതരണത്തിലും ഔപചാരിക സംഭാഷണങ്ങളിലും ഉപയോഗിക്കുന്ന മോഡേണ്‍ സ്റ്റാന്‍ഡേര്‍ഡ് അറബി(എംഎസ്എ) മൊറോക്കോ മുതല്‍ ഒമാന്‍ വരെ ഭൂരിഭാഗം അറബ് രാജ്യങ്ങളിലുള്ളവര്‍ക്കും മനസ്സിലാവുന്നത് ആണ്. എന്നാല്‍, ദൈനംദിന ഉപയോഗത്തില്‍ ഓരോ പ്രദേശത്തുള്ളവരും സംസാരിക്കുന്നത് വിവിധ വകഭേദങ്ങളോടെയാണ്. ഇത് എംഎസ്എയുമായി വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരേ പദത്തിന് തന്നെ വ്യത്യസ്ഥ അര്‍ത്ഥങ്ങളാണ് വിവിധ അറബ് രാജ്യങ്ങളില്‍. ഇതിന് പരിഹാരം കാണുന്ന വിധത്തിലാണ് പുതിയ എഐ വികസിപ്പിച്ചെടുക്കുന്നത്.


