മതേതര ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി എസ്.ഡി.പി.ഐ. നല്‍കുന്ന പിന്തുണ കളങ്കമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പി. ജയിക്കാതിരിക്കാന്‍ എസ്.ഡി.പി.ഐ. സ്വീകരിക്കുന്ന നിലപാടുകളെ തള്ളേണ്ട ഉത്തരവാദിത്തം എല്‍.ഡി.എഫിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
|
എസ്.ഡി.പി.ഐ. വര്‍ഗീയ സംഘടനയാണോ എന്ന ചോദ്യത്തിന്, ആണെന്നോ അല്ലെന്നോ പറയേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.
മഞ്ചേശ്വരത്ത് ലീഗ് നേതൃത്വം ഇടപെട്ടിട്ടാണ് എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ചത്. അവിടെ ബി.ജെ.പി. ജയിക്കാതിരിക്കാനാണെന്നാണ് പറയുന്നത്. അതുതന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.
എസ്.ഡി.പി.ഐ. വോട്ടുവേണ്ട എന്ന വി.ഡി. സതീശന്റെ പ്രതികരണം അവസരവാദമാണ്. മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ഥി എസ്.ഡി.പി.ഐ. പിന്തുണ വാങ്ങുമെന്ന് പറഞ്ഞില്ലേ. പിന്നെ, വോട്ടുവേണ്ടെന്ന് വി.ഡി. സതീശന്‍ അസംബന്ധം പറയുകയാണ്. നേമത്ത് സി.പി.എമ്മും പിന്തുണ സ്വീകരിക്കുമെന്നല്ലേ പറഞ്ഞത് എന്ന ചോദ്യത്തിന്, സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന ഇന്നയാളുകളുടെ വോട്ടുമാത്രമേ വേണ്ടൂ എന്നുപറയാനാകില്ലല്ലോയെന്നായിരുന്നു മറുപടി.
വയനാട് ദുരന്തത്തിന്റെ പേരില്‍ 100 കോടിയിലധികം കോണ്‍ഗ്രസ് പിരിച്ചു. ആ ഫണ്ട് എവിടേക്കാണ് പോയത്. ഇങ്ങനെ തട്ടിപ്പ് നടത്തിയവര്‍ എങ്ങനെയാണ് കേരളം ഭരിക്കുക എന്നതാണ് പ്രധാനം.
നേതാക്കള്‍ പാര്‍ട്ടിവിട്ടുപോയത് പരിശോധിക്കുമെന്ന് എം.എ. ബേബി പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് പരിശോധിക്കുമെന്ന് ഗോവിന്ദനും അവര്‍ത്തിച്ചു.



