ദുബായ്: നടന്‍ ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പുപറഞ്ഞ് യുവതാരം ഷെയ്ന്‍ നിഗം. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോടു സംവദിക്കുകയായിരുന്നു ഷെയ്ന്‍ നിഗം. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ ഉണ്ണി മുകുന്ദനെക്കുറിച്ചുള്ള ചോദ്യത്തിന് തമാശരൂപം ഉണ്ണിമുകുന്ദന്‍ ഫാന്‍സിന്റെ ഹ്രസ്വരൂപ(UMF)ത്തെക്കുറിച്ച് ഷെയ്ന്‍ നിഗം നടത്തിയ പരാമര്‍ശത്തിനെതിരേ സാമൂഹിക മാധ്യമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഷെയ്ന്‍ തന്റെ ഭാഗം വിശദീകരിച്ചതും മാപ്പ് പറഞ്ഞതും.
|
തമാശയായി പറഞ്ഞതാണെന്നും ഇത് വ്യക്തമാക്കി ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നുവെന്നും ഇത്തരം കാര്യങ്ങളില്‍ മറുപടി പറയുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഷെയ്ന്‍ പറഞ്ഞു.
പുതിയ സിനിമയിലെ നായിക മഹിമ നമ്പ്യാര്‍ക്ക് ഏറ്റവും ചേരുന്ന ജോഡി ആരാണ് എന്ന ചോദ്യത്തിനോട് പ്രതികരിക്കുമ്പോഴായിരുന്നു ഷെയ്‌ന്റെ വിമര്‍ശനത്തിനു കാരണമായ പരാമര്‍ശം ഉണ്ടായത്.
ഷെയ്‌നു പുറമേ ബാബു രാജും ഈ പരിപാടിയിലുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ഷെയ്ന്‍ നിഗം അറിയിച്ചു. തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതില്‍ അടിസ്ഥാനമില്ല. അങ്ങനെയൊരു ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മട്ടാഞ്ചേരിയില്‍ കളിച്ചു വളര്‍ന്ന ആളാണ് താനെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ലിറ്റില്‍ ഹാര്‍ട്സിന്റെ ഗള്‍ഫ് റിലീസുമായി ബന്ധപ്പെട്ടായിരുന്നു ദുബൈയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. നടി മഹിമ നമ്പ്യാരും നിര്‍മാതാവ് സാന്ദ്രാ തോമസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം ഗസയിലെ കൂട്ടകുരുതിക്കെതിരേ സാമൂഹിക മാധ്യമത്തില്‍ പ്രതികരിച്ച ഷെയ്ന്‍ നിഗമിനെതിരേ സംഘപരിവാര അനുകൂലികളുടെ വിദ്വേഷ പ്രതികരണങ്ങള്‍ തുടരുകയാണ്.


