11
Jan 2026
Wed
11 Jan 2026 Wed
maghamela holly bath

ന്യൂഡല്‍ഹി: പ്രയാഗ്രാജിലെ മാഘ മേളയില്‍ ശങ്കരാചാര്യരുടെ പുണ്യസ്‌നാനം തടസ്സപ്പെടുത്തി പോലീസ്. മൗനി അമാവാസി നാളില്‍ ‘ശാഹി സ്‌നാന്‍’ എന്ന പുണ്യസ്‌നാനം ചെയ്യാന്‍ ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദക്കായില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ശങ്കരാചാര്യരോട് ഭരണാധികാരികള്‍ ഇങ്ങനെ ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശങ്കരാചാര്യരുടെ അനുയായികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വിഡിയോ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. മുഗളരും ബ്രിട്ടീഷുകാരും ഒരിക്കലും ശങ്കരാചാര്യരോട് ചെയ്യാത്തതാണ് ഹിന്ദുക്കളുടെ മിശിഹ എന്ന് അവകാശപ്പെടുന്ന ബി.ജെ.പി ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ശരീര ഭാരം കുറയ്ക്കാന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞ മരുന്ന് കഴിച്ചു; ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ച് 19കാരി മരിച്ചു

ഹിന്ദുക്കളുടെ പേരില്‍ വോട്ട് വാങ്ങി ഭരിക്കുന്ന കക്ഷി, ഹിന്ദു മതത്തിലെ ഏറ്റവും ഉന്നത സ്ഥാനത്തുള്ള സന്യാസി വര്യനായ ശങ്കരാചാര്യരെ പ്രയാഗ്രാജില്‍ മൗനി അമാവാസി ദിനത്തില്‍ പുണ്യ സ്‌നാനത്തിന് അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് വിശദീകരിച്ചു. അധികാരത്തിലെത്താന്‍ ഹിന്ദുമതത്തെ ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നവര്‍ നമ്മുടെ സന്യാസിമാരോടും ഹിന്ദു മതത്തിന്റെ നേതാക്കളോടും ചെയ്യുന്നത് ഇതാണ്. അലഹബാദിന്റെ പേര് മാറ്റി പ്രയാഗ്രാജ് ആക്കും. എന്നാല്‍ പ്രയാഗ്രാജില്‍ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മഹാ കുംഭമേളക്ക് നിങ്ങളെയും എന്നെയും പോലുള്ള സാധാരണ മനുഷ്യര്‍ പോയാല്‍ മരിക്കാം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാം. പുണ്യസ്‌നാനം ചെയ്യാന്‍ കഴിഞ്ഞേക്കില്ല. അവര്‍ക്ക് അത് പ്രശ്‌നമല്ല, അതൊന്നും അവരെ അലട്ടുന്നുമില്ല.

മുസ്ലിംകളുടെ അവസ്ഥ എന്താണ്?

ഇവരുടെ രാഷ്ട്രീയത്തില്‍ മുസ്‌ലിംകള്‍ക്ക് എന്ത് സ്ഥാനമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. ആ രാഷ്ട്രീയത്തിനെതിരെ ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഒരു മുസ്‌ലിം കോളജില്‍ പഠിച്ചാല്‍ അവര്‍ സ്ഥാപനം അടച്ചുപൂട്ടും. ഹിന്ദു കുട്ടികള്‍ക്കായി ഒരു മുസ്‌ലിം സ്‌കൂള്‍ തുറന്നാല്‍ ആ സ്‌കൂളും അടച്ചുപൂട്ടും. ഒരു മുസ്‌ലിം റോഡിലിറങ്ങിയാല്‍ അവര്‍ അവന്റെ താടിയും തൊപ്പിയും വലിക്കും.

മൂന്നുദിവസം മുമ്പ് ഒഡിഷയില്‍ സംഭവിച്ചതുപോലെ അവനെ തല്ലിക്കൊല്ലും. ഇതിനുമുമ്പ് പെഹ്‌ലു ഖാന്‍, അഹ്‌ലാഖ് ഖാന്‍, ജുനൈദ് തുടങ്ങിയവരെ തല്ലിക്കൊന്നതിന്റെ നിരവധി ഉദാഹരണങ്ങളുമുണ്ട്. മുസ്‌ലിംകളോടുള്ള രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലിപ്പോള്‍ ഹിന്ദുക്കള്‍ക്കെതിരെയും ബിജെപി തിരിഞ്ഞിരിക്കുന്നു. ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദക്കെതിരെ തിരിഞ്ഞത് ബി.ജെ.പിയെ വാഴ്ത്താന്‍ വിസമ്മതിക്കുന്നത് കൊണ്ടാണ്. ഭക്തരെ വിഡ്ഢികളാക്കി ഹിന്ദുക്കളുടെ മിശിഹ ചമയരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.