16
Mar 2023
Sun
16 Mar 2023 Sun

കാൻബറ: ലോകത്തിലെ ഏറ്റവും വലിയ ഇസ്‌ലാം വിരോധികളിൽ ഒരാളും ഇസ്ലാംഭീതി പ്രചരിപ്പിക്കുന്നതിൽ മുമ്പന്തിയിൽനിന്ന വ്യക്തിയുമായ ഓസ്‌ട്രേലിയൻ പൗരൻ ശെർമോൻ ബർഗസ് ഇസ്‌ലാം സ്വീകരിച്ചു. എൽജിബിടിക്യു, ലിംഗസമത്വം തുടങ്ങി പുതുതലമുറ കൊണ്ടുവരുന്ന ട്രെൻഡിംഗ് ആയ വിഷയങ്ങളിലും യാഥാസ്ഥിക നിലപാട് സ്വീകരിക്കുന്ന പ്രമുഖരുടെ കൂട്ടത്തിൽ ചേർന്നാണ് അദ്ദേഹവും ഇസ്‌ലാം സ്വീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പടിഞ്ഞാറൻ രാജ്യങ്ങളുടെ ഒളി അജണ്ടകളെ പ്രതിരോധിക്കാൻ കഴിവുള്ള ഒരേയൊരു മതം ഇസ്ലാമാണെന്ന് അവകാശപ്പെട്ടാണ് ശെർമോൻ പരിവർത്തനം ചെയ്തത്. എൽ.ജി.ബി.ടി.ക്യൂ അടക്കമുള്ള വിഷയങ്ങളിൽ ലോകത്തെ വഴി തെറ്റിക്കുകയാണ്. ആളുകൾ വിഷാദത്തിലാണ്. മദ്യം, മയക്കുമരുന്ന്, അശ്ലീലം എന്നിവ പടിഞ്ഞാറിനെ കീഴടക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇസ്‌ലാം സ്വീകരിക്കാനുണ്ടായ കാരണങ്ങൾ വിശദീകരിച്ച് ശെർമോൻ ചെയ്ത ട്വീറ്റുകളാണ് ഇപ്പോൾ മാധ്യമ ശ്രദ്ധയാകർശിച്ചിരിക്കുന്നത്. ദൈവിക മാർഗ ദർശനത്തിൽ നിന്നും അപഥ സഞ്ചാരം നടത്തിയ ആധുനിക യൂറോപ്പ് മദ്യത്തിലും ലൈംഗിക അരാചകത്വത്തിലും മനശാന്തി തേടിക്കൊണ്ടിരിക്കുകയാണ്, ജീവിതത്തിന്റെ ലക്ഷ്യബോധം തെറ്റിയതാണ് ഇതിനു കാരണം. വിശ്വാസം സ്വീകരിക്കുന്നതോടെ അതിനെല്ലാം പരിഹാരമാകും. ഇസ്‌ലാമിക സമൂഹത്തിലെ വ്യക്തികൾ വളരെ ലളിതമായാണ് ജീവിക്കുന്നത് തുടങ്ങിയ അദ്ദേഹത്തിന്റെ ട്വീറ്റുകൾ അറബ് ലോകത്തും ചർച്ചയായി.

എല്ലാതരത്തിലുള്ള മോശം പ്രവൃത്തികളിൽനിന്നും ഇസ്‌ലാം നിങ്ങളെ തടയുകയും ജീവിതം അർത്ഥവത്താക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക പ്രതിജ്ഞയുടെ അറബി പദമായ ഷഹാദ (സത്യസാക്ഷ്യ)മാണ് താൻ സ്വീകരിച്ചതെന്നും തന്നെ പ്രാദേശിക പള്ളി സ്വാഗതം ചെയ്തിട്ടുണ്ടെന്നും ശെർമോൻ വ്യക്തമാക്കി.

തീവ്ര ഇസ്‌ലാമിക വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് ശെർമോൻ അറിയപ്പെട്ടത്. മാനവരാശിയെ ബാധിച്ച കാൻസറാണ് ഇസ്‌ലാമും മുസ്ലിംകളും എന്നായിരുന്നു ശെർമോന്റെ പരാമർങ്ങളിലൊന്ന്. നിരവധി ഇസ്‌ലാമിക വിരുദ്ധ പ്രകടനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ശെർമോൻ ഇസ്‌ലാമിനെതിരെ വെറുപ്പ് പടർത്തുന്ന സംഘടനയിൽ അംഗത്വവും നേടിയിരുന്നു. അക്രമാസക്തമായ മുസ്ലിം വിരുദ്ധ ഗാനമായ ബോർഡർ പട്രോൾ എഴുതിയ യുറീക്ക ബ്രിഗേഡ് എന്ന മെറ്റൽ ബാൻഡിലെ അംഗമായിരുന്നു ശെർമോൻ. മുസ്ലിം പള്ളികൾ കത്തിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പാട്ടായിരുന്നു ഇത്. സ്വന്തം ഫേസ്ബുക്ക് എക്കൗണ്ട് ഇപ്പോൾ ഷഹാദത്ത് കലിമ കൊണ്ട് പൊതിഞ്ഞ ഫലസ്ഥീൻ പതാകയുടെ കവർ ഫോട്ടോയാണ്.