ലൈംഗിക അതിക്രമമാരോപിച്ച് ബസ്സിനുള്ളില്‍ നിന്ന് വീഡിയോ ചിത്രീകരിച്ചു സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിനു പിന്നാലെ പ്രതിയായ യുവതി ഒളിവില്‍ പോയി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസാണ് വടകര സ്വദേശി ഷിംജിത മുസ്തഫയ്‌ക്കെതിരേ കേസെടുത്തത്.
|
ഒളിവില്‍പോയ യുവതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ദീപക്കിന്റെ അമ്മയാണ് യുവതിക്കെതിരേ പരാതി നല്‍കി നല്‍കിയത്. ദീപക് ജീവനൊടുക്കുകയും വീഡിയോ പങ്കുവച്ചതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയരുകയും ചെയ്തതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു. ജന്മദിനത്തിലാണ് ദീപക് ജീവനൊടുക്കിയത്.
അതേസമയം യുവതി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ALSO READ: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ 21 ഇടങ്ങളില്‍ റെയ്ഡുമായി ഇഡി





