09
Jul 2023
Fri
09 Jul 2023 Fri

ബംഗളൂരു: മുൻ ബിജെപി സർക്കാർ ആർഎസ്എസ് ‌ട്രസ്റ്റിനു പതിച്ചുനൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാന്‍ കർണാടക സർക്കാർ. ആർഎസ്എസ് അനുബന്ധ സംഘമായ ‘ജനസേവ ട്രസ്റ്റി’ന് 35.33 ഏക്കർ ഭൂമി നൽകിയ ബസവരാജ് ബൊമ്മൈ സർക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ ഭരണകൂടം മരവിപ്പിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബൊമ്മൈ പതിച്ചുനൽകിയ മറ്റു ഭൂമികൾക്കെതിരെയും നടപടിയുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ സെപ്തംബറിലാണ് ബംഗളൂരു സൗത്തിൽ തവരേക്കരയിലുള്ള കുറുബരഹള്ളിയിൽ ഏക്കർകണക്കിനു ഭൂമി ആർഎസ്എസ് ട്രസ്റ്റിന് നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബിജെപി സർക്കാർ കൈമാറിയ ഭൂമികളുടെ തൽസ്ഥിതി തുടരാൻ അധികാരത്തിലേറി ദിവസങ്ങൾക്കകം സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞദിവസം ബിജെപി നേതാവ് ബംഗളൂരു സൗത്തിൽ വിവിധ സംഘടനകൾക്ക് മുൻ സർക്കാർ നൽകിയ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ജനസേവ ട്രസ്റ്റിന് 35.33 ഏക്കർ ഭൂമി നൽകിയതു തടഞ്ഞതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടിയെന്നും മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ബൊമ്മൈ ഭരണകൂടം പതിച്ചുനൽകിയ മറ്റു ഭൂമികൾക്കും ഉത്തരവ് ബാധകമാണെന്നും കൃഷ്ണ ബൈരെ വ്യക്തമാക്കി.

ബൊമ്മൈ സർക്കാർ തിടുക്കപ്പെട്ടു നടത്തിയ ഭൂമി കൈമാറ്റങ്ങളെല്ലാം പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. അനർഹർക്കടക്കം ഇത്തരത്തിൽ ഗ്രാന്റുകൾ ലഭിച്ചിട്ടുണ്ട്. ഓരോ സംഘടനയുടെയും യോഗ്യതയും ലക്ഷ്യങ്ങളുമെല്ലാം പരിശോധിച്ചുവരികയാണ്. പൊതുതാൽപര്യ പ്രകാരമുള്ള ഇടപെടലായിരുന്നോ സർക്കാരിന്റേതെന്ന് നോക്കുമെന്നും മന്ത്രി കൃഷ്ണ ബൈരെ അറിയിച്ചു.

മൃഗങ്ങൾക്കു മേയാനായി ഒഴിച്ചിട്ട സർക്കാർ ഭൂമി (​ഗോമാല ഭൂമി)യാണ് ആർഎസ്എസ് ട്രസ്റ്റിനടക്കം നൽകിയത്. ഗോമാല ഭൂമി കൈമാറ്റം ചെയ്യരുതെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) 2018ൽ വ്യക്തമാക്കിയിരുന്നു. ഈ ഭൂമി കൈമാറരുതെന്ന് സർക്കാരിനോട് നിർദേശിക്കുന്ന നിരവധി കോടതി വിധികളുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സിഎജി ആവശ്യം. എന്നാൽ, ഇതൊക്കെ കാറ്റിൽ പറത്തിയായിരുന്നു ബിജെപി സർക്കാരിന്റെ നടപടി.

ആർഎസ്എസ് ട്രസ്റ്റിനു പുറമെ സിദ്ധാഗംഗ മഠം, രാഷ്ട്രോഥാന പരിഷത്ത്, ഇസ്‌കോൺ, വൊക്കലിഗാര സംഘം, കർണാടക ലോൺ ടെന്നീസ് അസോസിയേഷൻ എന്നിവയ്ക്കും ഇത്തരത്തിൽ ഭൂമി നൽകിയിട്ടുണ്ട്. അതേസമയം, പുതിയ ഉത്തരവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഇതുവരെ ഔദ്യോഗികതലത്തിൽ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് ജനസേവ ട്രസ്റ്റ് സെക്രട്ടറി നിർൽ കുമാർ പ്രതികരിച്ചു. ട്രസ്റ്റിനു കീഴിൽ ബംഗളൂരുവിൽ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക