01
Oct 2026
Thu
01 Oct 2026 Thu

കടലിൽ കുളിക്കാനിറങ്ങിയ 8 വിദ്യാർഥികൾ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദിവേഗർ ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ആണ് മുങ്ങിമരിച്ചത്. മരിച്ചവരെല്ലാം 16 വയസുകാരാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശക്തമായ കടൽച്ചുഴിയിൽപ്പെട്ടാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
പുണെ ജില്ലയിലെ അലന്ദിയിലുള്ള വിന്നേഴ്സ് അക്കാദമി എന്ന സ്വകാര്യ കോച്ചിങ് സെന്ററിൽ നിന്നുള്ള സംഘമാണ് വിനോദയാത്രയ്ക്കായി ദിവേഗറിലെത്തിയത്.

പുണെയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ അകലെയാണ് ദിവേഗർ.
25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അധ്യാപകരുമടക്കം 48 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വൈകിട്ട് 5.30ഓടെ ബീച്ചിലെത്തിയ സംഘത്തിൽ നിന്ന് എട്ട് വിദ്യാർഥികൾ കടലിലേക്ക് ഇറങ്ങുകയായിരുന്നു.

വെള്ളത്തിന്റെ ആഴവും ശക്തമായ കടലൊഴുക്കും കൃത്യമായി മനസിലാക്കാൻ കഴിയാതെ പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ശക്തമായ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളെ കടൽ വലിച്ചുകൊണ്ടുപോയി.
വിവരമറിഞ്ഞ ഉടൻ ദിവേഗറിലെ ‘ഭാവു മാരുതി സാൽുങ്കെ മഹാകാളി വാട്ടർ സ്പോർട്സ്’ ഉടമ ഭാവു സാൽുങ്കെയും സംഘവും രക്ഷാപ്രവർത്തനത്തിന് രംഗത്തെത്തി. സ്വന്തം ജീവൻപോലും അപകടത്തിലാക്കി നടത്തിയ തിരച്ചിലിനൊടുവിൽ എട്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കടലിൽനിന്ന് പുറത്തെടുത്തു.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് ദിഘി സാഗരി ബോറി പഞ്ചതൻ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് ആവാട്ടി സംഘത്തോടൊപ്പം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ പൊലീസ് ഏറ്റുവാങ്ങി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനും തുടർ നിയമനടപടികൾക്കുമായി ബോറി പഞ്ചതനിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

ALSO READ:പരണൂരിൽ ഇനി ടോൾ പ്ലാസയിൽ വാഹനം നിർത്തേണ്ട; തമിഴ്നാട്ടിൽ പുതിയ ബാരിയർ-ഫ്രീ സംവിധാനം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക