എസ്‌ഐര്‍ ഇരട്ടവോട്ട് തടയാനും വോട്ടര്‍ പട്ടിക ശുദ്ദീകരിക്കാനുമുള്ള നടപടിയാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പൊളിയുന്നു. ഇരട്ടവോട്ട് കണ്ടെത്താനോ ഇരട്ട വോട്ട് ചേര്‍ക്കുന്നത് തടയാനോ എസ്‌ഐആറില്‍ സംവിധാനമില്ല.
  | 
ഒരു വ്യക്തി രണ്ട് സ്ഥലത്ത് എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ രണ്ടിടത്തും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടും. എസ്‌ഐആര്‍ നടന്നാലും ഇരട്ടവോട്ട് ക്രമക്കേട് തടയനാവില്ലെന്നാണ് നടപടിക്രമങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.
ഒരു വ്യക്തിക്ക് നിലവില്‍ രണ്ട് സ്ഥലത്ത് വോട്ട് ഉണ്ടെങ്കില്‍ രണ്ട് സ്ഥലത്തേയും ബിഎല്‍ഒമാരില്‍നിന്ന് എന്യൂമറേഷന്‍ ഫോം ലഭിക്കും. ഒരു സ്ഥലത്തെ വോട്ട് നിലനിര്‍ത്തി, രണ്ടാമത്തെ സ്ഥലത്തെ വോട്ട് ഒഴിവാക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഒരു വ്യക്തി രണ്ട് സ്ഥലത്തേയും വോട്ട് നിലനിര്‍ത്തിയാല്‍ അത് കമ്മീഷന് കണ്ടെത്താന്‍ നിലവില്‍ കഴിയില്ല. വോട്ടര്‍മാര്‍ ഇങ്ങനെ ചെയ്യില്ലെന്ന വിശ്വാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രകടിപ്പിക്കുന്നത്.
ഒരു സ്ഥലത്ത് ആറു മാസത്തില്‍ അധികമായി താമസിക്കുന്നുവെന്ന രേഖ നല്‍കിയാല്‍ ഏത് മണ്ഡലത്തിലും വോട്ടറായി മാറാം. രാജ്യവ്യാപകമായി ആരോപണമുയര്‍ന്ന ഇരട്ടവോട്ട് തട്ടിപ്പ് കേരളത്തിലും നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഏതുവ്യക്തിക്കും ലളിതമായ നടപടികളിലൂടെ ഇരട്ട വോട്ട് സംഘടിപ്പിക്കാന്‍ കഴിയുമെന്നത് എസ്‌ഐആറിന്റെ സുതാര്യതയെ സംശയനിഴലിലാക്കുന്നു.
ഇരട്ടവോട്ട് ചേര്‍ക്കല്‍ കുറ്റകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓര്‍മ്മിപ്പിക്കുന്നു. വോട്ടര്‍ പട്ടിക വന്ന് കഴിഞ്ഞാല്‍ ഇരട്ട വോട്ടര്‍മാരുണ്ടോ എന്ന് കണ്ടെത്താന്‍ സങ്കേതിക സംവിധാനം ഒരുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കുന്നത്. അത് എത്രത്തോളം ഫലപ്രദമാകുമെന്നും ഏത് രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും കണ്ടറിയണം.
                                
                            

                                
                                
                                
                                    
                                    
                                    
                        
                        
                        
                        
                        