തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കിടെ ധൃതിപിടിച്ച് വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍ നീക്കത്തിനെതിരെ കേരളവും കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തുടര്‍നടപടി തീരുമാനിക്കാനും ബുധനാഴ്ച മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാരും പ്രതിപക്ഷവും ഇക്കാര്യത്തില്‍ യോജിപ്പിലാണ്. എസ്.ഐ.ആറിനെതിരെ തമിഴ്‌നാട് നിയമപോരാട്ടത്തിലേക്ക് കടന്നത് സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്.
|
തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്.ഐ.ആര്‍ നടപ്പാക്കുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. അതോടൊപ്പം പൗരത്വ നിയമം കുറുക്കുവഴിയിലൂടെ നടത്താനുള്ള ശ്രമമാണിതെന്ന വിമര്‍ശനവും ഇടതുപക്ഷവും യു.ഡി.എഫും ഉന്നയിക്കുന്നു.
എസ്.ഐ.ആറിനെതിരെ നിയമസഭ ചേര്‍ന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കിയിട്ടും കമീഷന്‍ മുഖവിലക്കെടുക്കാത്തതിന്റെ അമര്‍ഷവും മുന്നണികള്‍ക്കുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ വികാരം മാനിച്ച് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ കേന്ദ്ര കമീഷനെ സമീപിച്ചെങ്കിലും ഗൗനിച്ചില്ല.
പിന്നാലെ കഴിഞ്ഞയാഴ്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഈ സാഹചര്യത്തിലാണ് നിയമനടപടിക്കുള്ള ആലോചന സജീവമാകുന്നത്.
നിയമസഭ പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ മുന്നണികള്‍ വെവ്വേറെ ഹരജി നല്‍കുന്നതിന് പകരം സര്‍ക്കാര്‍ ഔദ്യോഗികമായി കോടതിയെ സമീപിക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. വീടുകളില്‍ എന്യൂമറേഷന്‍ ഫോം എത്തിക്കുന്നതിന് ബി.എല്‍.ഒമാര്‍ക്കൊപ്പം (ബൂത്ത് ലെവല്‍ ഓഫിസര്‍) രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച ബൂത്ത് ലെവല്‍ ഏജന്റുമാരും (ബി.എല്‍.എ) ഉണ്ടാകണമെന്നാണ് നിര്‍ദേശം.
രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രാദേശിക പ്രവര്‍ത്തകരില്‍ ഏറ്റവും സജീവമായവരാണ് ബി.എല്‍.എമാരാവുക. തദ്ദേശ തെരഞ്ഞെടുപ്പ് പോലെ താഴേത്തട്ടില്‍ സജീവമായി പ്രവര്‍ത്തിക്കേണ്ട സമയത്തെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ബി.എല്‍.എമാര്‍ ഇറങ്ങുന്നത് പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്.
ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഇത്രയധികം വോട്ടര്‍മാരെ ചേര്‍ക്കുന്നത് പല പിഴവുകള്‍ക്കും കാരണമാവുമെന്നും നിരവധി പേര്‍ക്ക് വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യോജിച്ച പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.


