സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐആര്‍) പിന്നാലെയുള്ള അന്തിമ പട്ടിക പുറത്തു വന്നപ്പോള്‍ തിരുവനന്തപുരത്ത് ഞെട്ടിക്കുന്ന വോട്ട് ചോര്‍ച്ച. സംസ്ഥാനത്താകെ 8.97 ലക്ഷം വോട്ടര്‍മാര്‍ കുറഞ്ഞപ്പോള്‍, തലസ്ഥാന ജില്ലയിലെ 4 നഗരമണ്ഡലങ്ങളില്‍ മാത്രം അപ്രത്യക്ഷമായത് ഒന്നര ലക്ഷത്തിലേറെ വോട്ടര്‍മാര്‍.
|
തിരുവനന്തപുരം 47,647, വട്ടിയൂര്‍ക്കാവ് 42580, നേമം 38,063, കഴക്കൂട്ടം 32,769 എന്നിങ്ങനെയാണ് വോട്ടര്‍മാര്‍ കുറഞ്ഞത്. ജില്ലയിലെ മറ്റു 10 മണ്ഡലങ്ങളിലും ഇരുപതിനായിരമോ പതിനായിരമോ അതില്‍ താഴെയോ വോട്ടര്‍മാരുടെ കുറവ് മാത്രമാണുള്ളത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറാണ് കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ മുന്നിലെത്തിയത്. നിയമസഭയിലേക്ക് നേമത്തെ സ്ഥാനാര്‍ഥി രാജീവാണെന്ന് ഉറപ്പായിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ശശി തരൂരിനായിരുന്നു മുന്‍തൂക്കം.
എന്നാല്‍, രണ്ടു മാസം മുന്‍പു നടന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലപരിധിയിലെ വാര്‍ഡുകളിലെ നേട്ടം ബിജെപിക്കു പ്രതീക്ഷ നല്‍കുകയും സിപിഎമ്മിനെ അമ്പരിപ്പിക്കുകയും ചെയ്തിരുന്നു. എല്‍ഡിഎഫില്‍ നിന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച ആന്റണി രാജു, ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനായതിനാല്‍ ഈ സീറ്റ് ഏറ്റെടുക്കാന്‍ സിപിഎം നീക്കമുണ്ട്.
ബിജെപിക്ക് നിര്‍ണായക സ്വാധീനമുള്ള നാല് മണ്ഡലങ്ങളില്‍ ഒറ്റയടിക്ക് ഇത്രയധികം വോട്ടുകള്‍ കുറഞ്ഞതിന് പിന്നില്‍ ദുരുഹത ഉയര്‍ന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ വോട്ട് ചോരിയിലൂടെ ബിജെപി നേട്ടമുണ്ടാക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് തിരുവനന്തപുരത്തെ ഈ അമ്പരപ്പിക്കുന്ന കണക്ക്.
നഗരപരിധിയില്‍ വരുന്ന ഈ മണ്ഡലങ്ങളില്‍ ഇത്രയധികം വോട്ടര്‍മാര്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കാതിരുന്നതാണ് ഇവര്‍ പുറത്താകാന്‍ പ്രധാന കാരണമെന്നാണ് ന്യായീകരണം. ഫ്‌ലാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും ഏറെയുള്ള നഗരമേഖലയില്‍ പലരെയും കണ്ടെത്താനായില്ലെന്ന് ബൂത്ത് ലവല്‍ ഓഫിസര്‍മാര്‍ (ബിഎല്‍ഒ) റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പല വോട്ടര്‍മാരും പുറത്തായത്. ഏറെ വര്‍ഷങ്ങളായി നഗരത്തില്‍ നിന്നു താമസം മാറിയവര്‍ വോട്ടര്‍മാരായി തുടരുന്ന സാഹചര്യവും പലരെയും നീക്കാന്‍ കാരണമായി.
വലിയ തോതിലുള്ള വോട്ട് ചോര്‍ച്ച ഏത് രീതിയില്‍ സ്വാധീനിക്കുമെന്നും ആര്‍ക്ക് അനുഗുണമാകുമെന്നുമാണ് മുന്നണികള്‍ ഉറ്റുനോക്കുന്നത്.





