03
Apr 2026
Fri
03 Apr 2026 Fri
mumbai fire

താനെ: മഹാരാഷ്ട്രയില്‍ സ്ത്രീയെ പിന്തുടര്‍ന്ന് ശല്യംചെയ്‌തെന്ന് ആരോപിച്ച് മൂന്ന് പേര്‍ക്ക് നേരെ വെടിയുതിര്‍ത്ത് മലയാളി. ഒരാള്‍ കൊല്ലപ്പെട്ടു. സഹോദരിയായി കരുതുന്ന സ്ത്രീയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ 51-കാരനാണ് വെടിവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈയിലെ മുംബ്രയില്‍ വ്യാഴാഴ്ച രാവിലെ 11:30-ഓടെയാണ് സംഭവം. കൈലാസ് നഗറിലെ സുമതിബായ് ചവാന്‍ ഹിന്ദി പ്രൈമറി സ്‌കൂളിന് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

പ്രതിയായ ജയന്‍ ശിവാനന്ദന്‍ നായരെ മുംബ്ര പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ കല്‍സേക്കര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. പരിക്കേറ്റ മറ്റു രണ്ടുപേരുടെ നില നിലവില്‍ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

ജയന്‍ ശിവാനന്ദന്‍ നായര്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് വിവരം. ജയന്‍ കരസേനയില്‍ സൈനികനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തര്‍ക്കത്തിന് കാരണം വാഴ വെട്ടിയത്

മുംബ്ര സുമന്‍ തായ് ചവാന്‍ ഹിന്ദി പ്രൈമറി സ്‌കൂളിന് മുന്നിലാണ് സംഭവം. രാവിലെ 11.30 ഓടെ കൈലാഷ് നഗറിലെ സ്‌കൂളിന് മുന്നില്‍വെച്ച് ഹസന്‍ ഷെയ്ഖ്, അക്ബര്‍ അബ്ദുല്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവര്‍ യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തുവത്രേ.

സ്‌കൂള്‍ വളപ്പിലെ വാഴ വെട്ടുന്നതുമായി ബന്ധപ്പെട്ട ചെറിയ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. പ്രതിയുടെ സഹോദരിയായി കരുതുന്ന സ്ത്രീ ഈ സ്‌കൂളിലെ കെയര്‍ടേക്കറായി ജോലി ചെയ്യുകയായിരുന്നു. വാഴ വെട്ടുന്നതുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളും സ്ത്രീയും തമ്മില്‍ രൂക്ഷമായ വാഗ്വാദം നടന്നു. ഈ സമയത്ത് യുവാക്കള്‍ തന്നെ ഉപദ്രവിച്ചുവെന്ന് സ്ത്രീ ജയനെ അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ജയന്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മുംബ്ര പോലീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ഷിന്‍ഡെ പറഞ്ഞു.

കുറച്ച് നാളുകളായി പ്രതികള്‍ യുവതിയെ ശല്യം ചെയ്തിരുന്നതായും പറയപ്പെടുന്നു. ഇന്നലെയും അക്രമികള്‍ യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും പറയുന്നു. ഈ സമയത്ത് ജയന്‍ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ജയന്‍ ഇവരെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. തൊട്ടടുത്താണ് പൊലീസ് സ്റ്റേഷന്‍ എന്നിരിക്കെ പൊലീസിനെ അറിയിക്കാതെ ജയന്‍ വെടിയുതിര്‍ത്തത് നിയമം കൈയില്‍ എടുത്തതാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ജയനെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതാണെന്നും ആരോപണമുണ്ട്.

ആത്മബന്ധത്തിന്റെ കഥ

പ്രതിയും ഈ കുടുംബവും തമ്മില്‍ വര്‍ഷങ്ങളായുള്ള ആത്മബന്ധമാണുള്ളതെന്ന് പോലീസ് പറയുന്നു. ഒമ്പതാം വയസ്സില്‍ കൊല്‍ക്കത്തയില്‍ വെച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട ജയനെ വളര്‍ത്തിയത് ഈ സ്ത്രീയുടെ അമ്മയായിരുന്നു. അതുകൊണ്ടുതന്നെ കുടുംബത്തിന് നേരെയുള്ള ഏത് അതിക്രമത്തോടും ജയന്‍ വൈകാരികമായാണ് പ്രതികരിച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

കൃത്യത്തിന് ഉപയോഗിച്ച നാടന്‍ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗുജറാത്ത് അതിര്‍ത്തിയിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ഈ തോക്ക് എന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി.

സുരക്ഷാ ആശങ്കയില്‍ താനെ

തുടര്‍ച്ചയായുണ്ടാകുന്ന വെടിവെപ്പ് സംഭവങ്ങള്‍ താനെയിലും പരിസരപ്രദേശങ്ങളിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുംബ്രയില്‍ തന്നെ നദീം ഖാന്‍ എന്നയാളിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ വെടിയുതിര്‍ത്തിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച താനെയിലെ പാഞ്ച്പഖാഡിയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു മാസത്തിനിടെ മൂന്ന് വെടിവെപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ക്രമസമാധാന നിലയെക്കുറിച്ചും പോലീസിംഗിനെക്കുറിച്ചും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.