
തിരുവനന്തപുരം: സ്മാര്‍ട് മീറ്റര്‍ പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കെ.എസ്.ഇ.ബി. 50,000 മീറ്റര്‍ കൂടി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങി. ആദ്യഘട്ടമായി തിരുവനന്തപുരത്തും കളമശ്ശേരിയിലും നടപ്പാക്കിയ പദ്ധതി വിജയമായതോടെയാണ് കൂടുതല്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നത്.
![]() |
|
12 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചു. വിവിധ സബ് സ്റ്റേഷനുകളിലായി 1,000 സ്മാര്‍ട്ട് ഫീഡര്‍ മീറ്ററുകളും സ്ഥാപിച്ചു. മീറ്ററുകളും ഫീഡര്‍ മീറ്ററുകളും സ്ഥാപിക്കുന്ന ജോലികളും നവംബറില്‍ പൂര്‍ത്തിയാക്കും.
2026 മാര്‍ച്ച് 31നകം ഹൈടെന്‍ഷന്‍ കണക്ഷന്‍ ഒഴികെയുള്ളവയ്ക്കും 2026 ആഗസ്തിനകം ഹൈടെന്‍ഷന്‍ കണക്ഷനും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുക അടുത്തഘട്ടത്തിലാകും.
മിക്ക സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ടോട്ടക്‌സ് മാതൃകയിലാണ് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, ചെലവ് കുറച്ച് കാപെക്‌സ് മാതൃകയില്‍ ഘട്ടംഘട്ടമായി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാനാണ് കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി ബദല്‍ മാതൃക തയാറാക്കി മൂന്ന് ലക്ഷം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ ചെയ്തു. രണ്ട് പാക്കേജുകളായി നടത്തിയ ടെണ്ടറില്‍ ഇസ്‌ക്രാമെക്കോ ഇന്ത്യ ലിമിറ്റഡ്, ഈസിയ സോഫ്റ്റ് ടെക്‌നോളജീസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ നല്‍കിയത്. ഇത് അംഗീകരിക്കുകയായിരുന്നു.
ബദല്‍ മാതൃക വിജയം
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കലും മീറ്റര്‍ റീഡിങ്ങും തുക ശേഖരിക്കലും ഉള്‍പ്പെടെ സ്വകാര്യ കുത്തക കമ്പനികള്‍ക്ക് കൈമാറുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ടോട്ടക്സ് (ടോട്ടല്‍ എക്‌സ്പെന്‍ഡിച്ചര്‍) രീതി. മീറ്ററിന്റെ വില, ഹെഡ് എന്‍ഡ് സിസ്റ്റം, മീറ്റര്‍ ഡാറ്റാ മാനേജ്‌മെന്റ്, കമ്യൂണിക്കേഷന്‍ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് ചാര്‍ജ്, മറ്റ് സോഫ്റ്റ്വെയര്‍ ടെസ്റ്റിങ്ങിനും സൈബര്‍ സുരക്ഷയ്ക്കുമുള്ള ചാര്‍ജ്, 93 മാസത്തേക്കുള്ള ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ചാര്‍ജ് എന്നിവ ഗഡുക്കളായി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
ഇതില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിമാസം കുറഞ്ഞത് 80 രൂപ അധികഭാരം വരും. കേരള സര്‍ക്കാര്‍ നേരിട്ട് പണം മുടക്കുന്ന കാപ്പെക്സ് (ക്യാപിറ്റല്‍ എക്‌സ്പെന്‍ഡിച്ചര്‍) രീതിയില്‍, മീറ്റര്‍ സ്ഥാപിക്കുന്നതുള്‍പ്പടെയുള്ള ജോലി കെഎസ്ഇബി ജീവനക്കാര്‍ ചെയ്യുന്നതിനാല്‍ ചെലവ് കുറവാണ്.
ഇനി എല്ലാം സുതാര്യം
വൈദ്യുതി ബില്ല് എത്ര, എത്ര ഉപയോഗിക്കുന്നു, എങ്ങനെ ഉപയോഗം ക്രമീകരിക്കണം തുടങ്ങി വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മൊബൈല്‍ ആപ്പിലൂടെ നിങ്ങളിലെത്തും. ഉപഭോക്താക്കള്‍ക്കും കെഎസ്ഇബിക്കും ഉപകാരമാകുന്ന നൂറിലധികം സവിശേഷതകളുള്ള സ്മാര്‍ട്ട് മീറ്റുകള്‍ സൂപ്പര്‍ സ്മാര്‍ട്ടാണ്.
മീറ്ററിലെ സിം വഴി ഡാറ്റാ സെന്ററിലേക്ക് തുടര്‍ച്ചയായി വിവരം ലഭിക്കും. ട്രാന്‍സ്‌ഫോര്‍മറുകളിലും ഫീഡറുകളിലും സ്ഥാപിക്കുന്നവ വൈദ്യുതി മുടക്കമടക്കമുള്ള വിവരം കൈമാറും. ഇതിലൂടെ വൈദ്യുതി തടസ്സം തത്സമയം കെഎസ്ഇബിക്ക് പരിഹരിക്കാനാകും. എത് സെക്ഷന്‍ പരിധിയിലാണ് ഉൗര്‍ജ നഷ്ടമെന്നും കണ്ടെത്താം.
മീറ്ററിന്റെ കവര്‍ തുറന്നാലോ കാന്തം ഘടിപ്പിച്ചാലോ സീല്‍ പൊട്ടിച്ചാലോ അപായവിവരവും നല്‍കും. വൈദ്യുതി ആവശ്യം മുന്‍കൂട്ടികണ്ട് ഉല്‍പാദനവും വാങ്ങലും ആസൂത്രണം ചെയ്യാം.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍, ധനസഹായം,സബ്സിഡി മറ്റ് ആനുകൂല്യം തുടങ്ങിയവ ലഭ്യമാകണമെങ്കില്‍ മീറ്റര്‍ സ്ഥാപിക്കണം.
പ്രീ പെയ്ഡ് സംവിധാനം
പ്രീപെയ്ഡ് മൊബൈല്‍ കണക്ഷന്‍ പോലെ മുന്‍കൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാന്‍ കഴിയുന്ന സൗകര്യമാണ് പ്രീപെയ്ഡ് സ്മാര്‍ട് മീറ്റര്‍. ഉപയോഗിച്ച വൈദ്യുതിയുടെ കണക്കെടുത്താണ് നിലവില്‍ ബില്‍ നല്‍കുന്നതെങ്കില്‍ പ്രീപെയ്ഡ് മീറ്റര്‍ വരുമ്പോള്‍ മുന്‍കൂറായി പണം നല്‍കി റീചാര്‍ജ് ചെയ്യാം. വൈദ്യുതിച്ചെലവു സ്വയം നിയന്ത്രിക്കാനാവുമെന്നതാണു മെച്ചം. വൈദ്യുതി വിതരണ കമ്പനികള്‍ നേരിടുന്ന കുടിശിക പ്രശ്‌നവും ഒഴിയും.