തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ മരുമകന് പിടിയില്‍. കമലേശ്വരം ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എ രാജീവിന്റെ ഭാര്യ എസ്എല്‍ സജിത, മകള്‍ ഗ്രീമ എന്നിവരെ മരിച്ച സംഭവത്തിലാണ് ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയത്. മുംബൈ എയര്‍പോര്‍ട്ടില്‍വച്ച് മുംബൈ പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം മുംബൈയില്‍ എത്തി ഉണ്ണികൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
|
സജിത എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിരുന്നു. താനും മകളും ജീവനൊടുക്കാന്‍ കാരണം ഉണ്ണികൃഷ്ണനാണെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
‘ആറ് വര്‍ഷങ്ങളായുള്ള മാനസിക പീഡനവും അവഗണനയുമാണ് കാരണം. എന്റെ മോളേ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെയാണ് എറിയുന്നത്. എന്റെ മോള് അവനോട് കെഞ്ചിക്കരഞ്ഞിട്ടും അവന് വേണ്ട. പിരിയാന്‍ തക്ക കാരണങ്ങള്‍ ഒന്നും ഇല്ല. എന്തൊക്കെയോ നിസാര കാരണങ്ങള്‍. അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യ… മടുത്തു മതിയായി..’ എന്നാണ് സജിതയുടെ ആത്മഹത്യാകുറിപ്പ്.
‘ഈ സ്വത്തുക്കള്‍ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണ സ്വത്തുക്കള്‍ ആണ്. ഉണ്ണിയും ഉണ്ണിയുടെ സഹോദരന്മാരും ഈ സ്വത്തുക്കള്‍ അനുഭവിക്കാന്‍ ഇടവരരുത്. എന്റെ മാമന്മാര് അനുഭവിക്കുന്നതാണ് എനിക്കും എന്റെ അമ്മയ്ക്കും സന്തോഷം. ദയവ് ചെയ്ത് ഇത് ആരും അവഗണിക്കരുത്. നിങ്ങള്‍ എല്ലാവരും കൂടി ദയവായി മുന്‍കൈ എടുത്ത് ഇത് നടപ്പാക്കണം. എന്റെ അവസാനത്തെ അപേക്ഷയാണ്’ എന്നാണ് ഗ്രീമയുടെ കുറിപ്പിലുള്ളത്. 200 പവന് സ്വര്‍ണവും സ്ഥലവും വീടും സ്ത്രീധനമായി കൊടുത്തായിരുന്നു ഗ്രീമയെ ഉണ്ണികൃഷ്ണന് വിവാഹം ചെയ്തു നല്‍കിയത്.





