അധ്യാപകനെതിരേ നല്കിയ പീഡന പരാതി വ്യാജമായിരുന്നുവെന്ന് ഏഴുവര്‍ഷത്തിനു ശേഷം അന്നത്തെ വിദ്യാര്‍ഥിനിയുടെ ഏറ്റുപറച്ചില്‍. പരാതി വ്യാജമായിരുന്നുവെന്ന് യുവതി കോടതിയില്‍ മൊഴി നല്‍കുകയും അധ്യാപകനെ കോടതി വെറുതെ വിടുകയും ചെയ്തു. കോട്ടയത്താണ് സംഭവം.
|
കോട്ടയം കുറുപ്പന്തറയില്‍ പാരാമെഡിക്കല്‍ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി ഡി ജോമോനാണ് ഏഴു വര്‍ഷത്തിനു തന്റെ നിരപരാധിത്വം തെളിയിക്കാനായത്. എന്നാല്‍ അപ്പോഴേക്കും ജോമോന് തന്റെ സ്ഥാപനം അടച്ചുപൂട്ടേണ്ടിയും കുടുംബം പുലര്‍ത്താന്‍ ഒട്ടേറെ പണികള്‍ ചെയ്യേണ്ടിയും വന്നിരുന്നു.
2017ല്‍ എറണാകുളം സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് ജോമോനെതിരേ പരാതി നല്‍കിയത്. പരിശീലനത്തിനായി കൊണ്ടുപോകുന്നതിനിടയില്‍ അധ്യാപകനായ ജോമോന് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടര്‍ന്ന് ജോമോനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പെട്ടത് കാരണം ജോമോന് നടത്തിയിരുന്ന പാരാമെഡിക്കല്‍ സ്ഥാപനം അടച്ചുപൂട്ടി. കൂടാതെ ബന്ധുക്കളും നാട്ടുകാരും തന്നെ അകറ്റിനിര്‍ത്തിയിരുന്നതായി ജോമോന് പറയുന്നു. ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനിടയില്‍ കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ പല ജോലികളും ജോമോന് ചെയ്തിരുന്നു. ആത്മഹത്യയെ പറ്റി പോലും താന്‍ ചിന്തിച്ചിരുന്നുവെന്നും ജോമോന് പറയുന്നു.
തനിക്കെതിരെ പരാതി കൊടുക്കുന്നതിനു മുന്‍പായി ചിലര്‍ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോന് പറയുന്നു. എന്നാല്‍ പരാതി നല്‍കിയിരുന്ന വിദ്യാര്‍ഥിനി ഈ അടുത്താണ് ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി ജോമോന് നിരപരാധിയാണെന്നും ചിലരുടെ പ്രേരണയില്‍ പീഡന പരാതി നല്‍കിയതാണെന്നും തുറന്നു പറയുകയായിരുന്നു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെണ്‍കുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും തുടര്‍ന്ന് കോടതിയില്‍ ഹാജരായി മൊഴി കൊടുക്കുകയും ചെയ്തു. തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നു ജോമോന് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





