ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതീവ ഗുരുതരവും വിവാദപരവുമായ ആരോപണങ്ങളുമായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. അടുത്തിടെ നടന്ന ഒരു പോഡ്കാസ്റ്റ് ചര്‍ച്ചയ്ക്കിടെയാണ് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ച പരാമര്‍ശങ്ങള്‍ അദ്ദേഹം നടത്തിയത്.
|
ചില വനിതാ നേതാക്കള്‍ എംപിമാരായതും മന്ത്രിസ്ഥാനങ്ങള്‍ കരസ്ഥമാക്കിയതും നരേന്ദ്ര മോദിയുമായി കിടപ്പറ പങ്കിട്ടാണെന്നാണ് സ്വാമി ആരോപിച്ചത്. ഇത്തരത്തില്‍ ഉന്നത പദവികളില്‍ എത്തിയ മൂന്നോ നാലോ സ്ത്രീകളുടെ പേര് തനിക്ക് പറയാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ആരോപണത്തിന് ആധാരമായ തെളിവുകളോ ബന്ധപ്പെട്ടവരുടെ പേരുകളോ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
പരാമര്‍ശത്തിന്റെ പശ്ചാത്തലം
ലോകത്തെ പിടിച്ചുകുലുക്കിയ ജെഫ്രി എപ്സ്റ്റീന്‍ (Jeffrey Epstein) കേസുമായി ബന്ധപ്പെട്ട രേഖകളില്‍ ഇന്ത്യന്‍ പേരുകള്‍ ഉണ്ടെന്ന ചര്‍ച്ചയ്ക്കിടെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഈ വിവാദ പ്രസ്താവന നടത്തിയത്.
സംഭാഷണത്തിന്റെ പ്രസക്ത ഭാഗം
അവതാരകന്‍ : എപ്സ്റ്റീന്‍ ഫയലില്‍ (Epstein files) ഇന്ത്യക്കാരുടെ പേരുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. നമ്മള്‍ അങ്ങനെയുള്ളവരല്ല എന്നാണ് ഞാന്‍ കരുതിയത്. അവിടെ നരഭോജനമാണ് നടക്കുന്നത്. അവര്‍ കൊച്ചു കുട്ടികളെ തിന്നുകയാണ്. മൂന്ന് വയസ്സുള്ള പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. അതുകൊണ്ട് ഇന്ത്യന്‍ പേരുകള്‍ അതില്‍ കണ്ടപ്പോള്‍ എനിക്ക് അതിശയം തോന്നി. എന്തിനായിരുന്നു അവരുടെ പേരുകള്‍ അവിടെ
സുബ്രഹ്‌മണ്യന്‍ സ്വാമി : നോക്കൂ, ഇതൊരു അസുഖമാണ്. എന്ത് പറഞ്ഞാലും ഇതൊരു അസുഖം തന്നെയാണ്. അങ്ങനെയുള്ളവര്‍ അവിടെ പോകും. ഇപ്പോള്‍ എനിക്ക് എം.പിമാരായ മൂന്നോ നാലോ സ്ത്രീകളുടെ പേരുകള്‍ പറയാന്‍ കഴിയും, അവര്‍ക്ക് മോദിയോടൊപ്പം കിടക്കേണ്ടി വന്നിട്ടുണ്ട്… അവര്‍ അങ്ങനെയാണ് മന്ത്രിമാരായത്.
അവതാരകന്‍ : ചിരിച്ചുകൊണ്ട് അവര്‍ ഉറങ്ങിയിട്ടുണ്ടാവില്ലല്ലോ അല്ലേ?
സുബ്രഹ്‌മണ്യന്‍ സ്വാമി: ഞാന്‍ മാന്യമായ ഭാഷയിലാണ് പറഞ്ഞത്.
അവതാരകന്‍ : ശരിയാണ്.
സുബ്രഹ്‌മണ്യന്‍ സ്വാമി: ഡല്‍ഹിയിലെ ജി.ബി റോഡില്‍ നടക്കുന്നത് പോലെയാണ് എപ്സ്റ്റീന്‍ അവിടെ കാര്യങ്ങള്‍ നടത്തിയിരുന്നത്. ആളുകള്‍ അവിടെ പോയിരുന്നു. ഇന്ത്യയില്‍ നിന്ന് ആരെല്ലാമാണ് പോയതെന്നതിന് വലിയൊരു പട്ടിക തന്നെയുണ്ട്. പക്ഷെ നമുക്ക് അതിനെക്കുറിച്ച് പിന്നീട് സംസാരിക്കാം. ആദ്യം വലിയ ആളുകളെക്കുറിച്ച് പറയാം…
രാഷ്ട്രീയ പ്രാധാന്യമുള്ള കാര്യങ്ങളില്‍ മുന്‍പും തുറന്നടിച്ചും വിവാദങ്ങള്‍ സൃഷ്ടിച്ചും ശീലമുള്ള സ്വാമിയുടെ പുതിയ നീക്കം ബിജെപിക്കുള്ളിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
സ്വാമിയുടെ പ്രസ്താവന പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. കൃത്യമായ തെളിവുകളില്ലാതെ ഇത്തരം വ്യക്തിഹത്യകള്‍ നടത്തുന്നത് ശരിയല്ലെന്നും, പേരുകള്‍ വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോ എന്നും പല ഉപയോക്താക്കളും ചോദ്യമുന്നയിക്കുന്നുണ്ട്. വിവാദത്തിന് പിന്നാലെ ഇതുവരെ സ്വാമി കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല.
അതേസമയം, പാര്‍ട്ടിക്കുള്ളിലെ തന്നെ മുതിര്‍ന്ന നേതാവില്‍ നിന്നുണ്ടായ ഈ നീക്കത്തോട് ബിജെപി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



