ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വിലാസം നൽകിയ സുധാമൂർത്തിയോട് നിങ്ങൾ തമാശ പറയുകയാണോ എന്നു ചോദിച്ച് ബ്രിട്ടണിലെ എമിഗ്രേഷൻ ഓഫിസർ. ദി കപിൽ ഷോ എപ്പിസോഡിലാണ് 72കാരിയായ സുധാ മൂർത്തി തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവെച്ചത്. ഒരിക്കൽ ബ്രിട്ടണിലേക്ക് പോയപ്പോൾ എമിഗ്രേഷനിലെ ഉദ്യോഗസ്ഥൻ ലണ്ടനിൽ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു രസകരമായ കാര്യം സംഭവിച്ചത്. വിലാസം എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് 10 ഡൗണിംഗ് സ്ട്രീറ്റ് എന്നാണ് സുധാ മൂർത്തി എഴുതിക്കൊടുത്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടേയും ഓഫിസിന്റേയും വിലാസമാണ് 10 ഡൗണിംഗ് സ്ട്രീറ്റ്. ഇതുകണ്ടാണ് ഉദ്യോഗസ്ഥൻ നിങ്ങൾ തമാശ പറയുകയാണോ എന്നു ചോദിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ മാതാവാണ് എഴുത്തുകാരി കൂടിയായ സുധാ മൂർത്തി. മാത്രമല്ല ഇൻഫോസിസ് സഹസ്ഥാപകനും വ്യവസായിയുമായ നാരായണ മൂർത്തിയുടെ ഭാര്യയുമാണ് അവർ.
|
തന്റെ മകനും ബ്രിട്ടണിലുണ്ടെങ്കിലും അവന്റെ വിലാസം പെട്ടെന്ന് ഓർമ വരാതിരുന്നതിനാലാണ് പ്രധാനമന്ത്രിയുടെ വസതിയുടെ വിലാസം എഴുതിക്കൊടുത്തതെന്ന് സുധാ മൂർത്തി പറയുന്നു. എമിഗ്രേഷൻ ഓഫിസർ താമസ സ്ഥലം ചോദിക്കുമ്പോൾ തന്റെ മൂത്ത സഹോദരിയും തന്നോടൊപ്പമുണ്ടായിരുന്നതായി സുധാ മൂർത്തി പറയുന്നു. എമിഗ്രേഷൻ ഓഫീസർ അവിശ്വസനീയതയോടെ നോക്കി തമാശയാണോ പറയുന്നതെന്ന് ചോദിച്ചപ്പോൾ അല്ല, ഞാൻ നിങ്ങളോട് സത്യമാണ് പറയുന്നത് എന്ന മറുപടി നൽകിയതായും അവർ ഷോയിൽ പറഞ്ഞു.


