കൊച്ചി: പ്രശസ്ത വാര്‍ത്താ അവതാരക സുജയ പാര്‍വതി റിപ്പോര്‍ട്ടര്‍ ടിവി വിടുന്നു. അനില്‍ ആയിരുരിന്റെ നേതൃത്വത്തില്‍ പുതുതായി ആരംഭിക്കുന്ന ബിഗ് ടിവിയിലേക്കാണ് സുജയ പാര്‍വ്വതിയുടെ ചുവടുമാറ്റമെന്നാണ് അറിയുന്നത്.
|
റിപ്പോര്‍ട്ടര്‍ ടിവിയില്‍ കോ- ഓര്‍ഡിനേറ്റിങ്ങ് എഡിറ്ററായ സുജയ ഒരാഴ്ചയായി അവധിയിലാണ്. രാജിക്ക് മുന്‍പുള്ള കൂളിങ്ങ് പിരീഡ് എന്ന നിലയിലാണ് സുജയ അവധിയില്‍ പ്രവേശിച്ചതെന്നാണ് അവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ചാനല്‍ അധികൃതരെ സമീപിച്ചെങ്കിലും അത് നിരസിച്ചതോടെയാണ് കൂടുമാറ്റമെന്നാണ് അറിയുന്നത്.
സുജയ പോകുന്നു എന്ന് മനസിലാക്കിയ റിപ്പോര്‍ട്ടര്‍ മാനേജ്‌മെന്റ് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്.
സുജയ പാര്‍വതി അവതരിപ്പിച്ചു കൊണ്ടിരുന്ന ഗുഡ് ഈവനിങ് ഷോ നിലവില്‍ വിനീതാ വേണുവാണ് കൈകാര്യം ചെയ്യുന്നത്.
ലീവ് എടുത്ത് മാറി നില്‍ക്കുന്ന സുജയ പാര്‍വതിയോട് നിലപാട് വ്യക്തമാക്കണം എന്നും റിപോര്‍ട്ടര്‍ മാനേജുമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഗ് ടിവിക്ക് ഒപ്പം ന്യൂസ് മലയാളം 24ഃ7 ചാനലുമായും സുജയ ചര്‍ച്ച നടത്തുന്നതായി പ്രചരണമുണ്ട്.
ഉണ്ണി ബാലകൃഷ്ണന് പിന്നാലെ സുജയയും രാജിവച്ചിറങ്ങുന്നത് റിപോര്‍ട്ടറിന്റെ പ്രൈം ടൈം പരിപാടികളിലൊന്നായ മീറ്റ് ദി എഡിറ്ററിനെ കാര്യമായി ബാധിച്ചേക്കും. ഉണ്ണി ബാലകൃഷ്ണന് പകരക്കാരനായി നിലവില്‍ ജിമ്മി ജെയിംസാണ് ഉള്ളത്. ബിജെപി അനുകൂല നിലപാട് ഉയര്‍ത്തിപ്പിക്കുന്ന സുജയ പോകുന്നതോടെ ചര്‍ച്ചകളിലെ ബാലന്‍സിങും എരിവും പുളിയും നഷ്ടപ്പെടും.
ബിഗ് ടിവിയുടെ വരവോടെ മലയാളം വാര്‍ത്താ ചാനല്‍ രംഗത്ത് കൂടുമാറ്റം ശക്തമായിരിക്കുകയാണ്. ബിഗ് ടിവിയുടെ വരവ് റിപ്പോര്‍ട്ടറിനെയാകും ബാധിക്കുക എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ജീവനക്കാരുടെ കൊഴിഞ്ഞു പോക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് ട്വന്റി ഫോര്‍ ന്യൂസ് ചാനലാണ്.
ഡസ്‌കിലും ബ്യൂറോയിലും ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ ബിഗ് ടിവിയും റിപ്പോര്‍ട്ടര്‍ ടിവിയും കൊത്തിക്കൊണ്ടു പോകുമ്പോള്‍ ആളില്ലാ കൂടാരമായി മാറിയിരിക്കുകയാണ് ട്വന്റി ഫോര്‍. ഒരു ഡസനിലേറെ ജേര്‍ണലിസ്റ്റുകള്‍ ഇതിനകം ട്വന്റി ഫോര്‍ വിട്ടു കഴിഞ്ഞു. ഇനിയും കൂടുതല്‍ പേര്‍ രാജി വച്ചേക്കും.
തിരുവനന്തപുരം ബ്യൂറോയില്‍ നിന്നും മൂന്നോ നാലോ പേര്‍ രാജി വെച്ചിട്ടുണ്ട്. ട്വന്റി ഫോര്‍ വിടുന്നവര്‍ എറെയും സ്ഥാപനത്തിന്റെ ചില വൈരികളായ റിപ്പോര്‍ട്ടറിലേക്ക് ആണ് പോകുന്നത് എന്നതും ട്വന്റി ഫോര്‍ മാനേജ്‌മെന്റിനെ വിഷമിപ്പിക്കുന്നുണ്ട്.
കുറഞ്ഞ ശമ്പളവും ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരുടെ പരിധിവിട്ട പെരുമാറ്റവും രാജിക്ക് കാരണമായിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വെക്കാന്‍ തുടങ്ങിയതോടെ അവശേഷിക്കുന്ന ജീവനക്കാരും കടുത്ത ആശങ്കയിലാണ്.





