16
Aug 2025
Tue
16 Aug 2025 Tue
Superstar Rajinikanth has heaped praise on Malayalam actor Soubin Shahir

മലയാള നടന്‍ സൗബിന്‍ ഷാഹിറിനെ വാനോളം പ്രശംസിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സൗബിന്‍ സാഹിറിന്റെ അഭിനയം ഞെട്ടിച്ചെന്നും അദ്ദേഹം എന്തൊരു അഭിനയമാണെന്നും രജനീകാന്ത് പറഞ്ഞു. ‘കൂലി’ പ്രിറിലീസ് ഇവന്റില്‍ സംസാരിക്കുകയായിരുന്നു രജനീകാന്ത്. സൗബിന്റെ കാര്യത്തില്‍ ആദ്യം തനിക്ക് തീരെ ആത്മവിശ്വാസമില്ലായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞെട്ടിപ്പോയെന്നുമാണ് രജനികാന്ത് പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
”വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് സൗബിന്റെത്. സിനിമയിലെ ഈ കഥാപാത്രം ഇതാര് ചെയ്യണം എന്ന് എന്റെ മനസ്സിലും ലോകേഷിന്റെ മനസിലുമുണ്ടായിരുന്നു. എന്റെ അവസാന പടത്തിലും അവരുടെ പടത്തിലും ഫഹദ് ഫാസില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഫഹദ് ഇപ്പോള്‍ വളരെയധികം തിരക്കിലാണ്. പിന്നെ ആര് ചെയ്യുമെന്ന് ഏറെ ആലോചിച്ചു. കുറച്ച് സമയം തരണം എന്നു പറഞ്ഞ് ലോകേഷ് പോയി. പിന്നെ സൗബിനെയും കൂട്ടി വന്നു. ചോദിച്ചപ്പോള്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ല്‍ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നോക്കിയപ്പോള്‍ തലയില്‍ കഷണ്ടിയൊക്കെയാണ്. ഇവരെങ്ങനെ ഈ കഥാപാത്രമാകുമെന്ന് ലോകേഷിനോടു ചോദിച്ചപ്പോള്‍, കാത്തിരുന്ന് കാണാം, ഗംഭീര ആര്‍ട്ടിസ്റ്റാണ് എന്ന് മറുപടി പറഞ്ഞു. പക്ഷേ, എനിക്ക് തീരേ വിശ്വാസമില്ലായിരുന്നു. അവര്‍ അത്രയും ആത്മവിശ്വാസത്തോടെ പറയുന്നതിനാല്‍ ഞാന്‍ എതിര്‍ത്തില്ല. സിനിമാ ഷൂട്ടിങ് തുടങ്ങി. വിശാഖ പട്ടണത്തെ ഷൂട്ട് വന്നപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് വന്നാല്‍ മതിയെന്നാണ് എന്നോട് ലോകേഷ് പറഞ്ഞത്. എന്തിനാണ് രണ്ട് ദിവസം കഴിഞ്ഞ് വരുന്നതെന്ന് ഞാന്‍ ആലോചിച്ചു. അന്വേഷിച്ചപ്പോള്‍ ആ സമയത്ത് സൗബിന്റെ ഷൂട്ടാണ് നടക്കുന്നതെന്ന് മനസ്സിലായി. മൂന്നാമത്തെ ദിവസം ഞാന്‍ വന്നപ്പോള്‍ ലോകേഷ് ലാപ്‌ടോപ്പുമായിട്ടാണ് എത്തിയത്. സൗബിന്‍ അഭിനയിച്ച രണ്ട് മൂന്ന് സീനുകള്‍ കാണിച്ചു തന്നു.  ഞാന്‍ ഞെട്ടിപ്പോയി. എന്തൊരു നടനാണ്‍ മൈ ഗോഡ്! ഹാറ്റ്‌സ് ഓഫ് ടു യൂ.’‘- രജനീ കാന്ത് പറഞ്ഞു.

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘കൂലി’ ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും. 40 വര്‍ഷത്തിന് ശേഷം രജനികാന്തും സത്യരാജും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും ‘കൂലി’ക്കുണ്ട്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്ന് ഇതിനോടകം പ്രി ബുക്കിങിലൂടെ പത്ത് കോടിയും കര്‍ണാടകയില്‍ നിന്നും മൂന്ന് കോടിയും ചിത്രം നേടിക്കഴിഞ്ഞു. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി.

Superstar Rajinikanth has heaped praise on Malayalam actor Soubin Shahir