26
Feb 2026
Thu
26 Feb 2026 Thu
India vs Zimbabwe chepauk stadium T20 match

T20 India-Zimbabwe match ചെന്നൈ: ടി20 ലോകകപ്പിലെ നിര്‍ണ്ണായകമായ മല്‍സരത്തില്‍ ഇന്ന് കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാവുമോ? ഇന്ത്യ – സിംബാബ്വെ സൂപ്പര്‍ 8 മത്സരം നടക്കേണ്ട ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ ഈര്‍പ്പം തടയാന്‍ ‘ഡ്യൂ ക്യുര്‍’ എന്ന രാസമിശ്രിതം തളിച്ചു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്താണ് ഈ മിശ്രിതം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഒരാഴ്ചയായി നഗരത്തില്‍ ചൂട് വര്‍ദ്ധിച്ച സാഹചര്യത്തില്‍, ഗ്രൗണ്ടിലെ ഈര്‍പ്പം കളിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം. അമേരിക്കയിലെ മേജര്‍ ലീഗ് ബേസ് ബോള്‍ മത്സരങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന രാസ വസ്തുവാണിണ്.

ലോകകപ്പിന് മുന്നോടിയായി ചെപ്പോക്കിലെ പിച്ചും ഔട്ട്ഫീല്‍ഡും നവീകരിച്ചപ്പോള്‍ തന്നെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇത് ഇറക്കുമതി ചെയ്തിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും വൈകുന്നേരങ്ങളില്‍ ഈ രാസമിശ്രിതം വെള്ളത്തില്‍ കലര്‍ത്തി ഔട്ട്ഫീല്‍ഡില്‍ തളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കും ഇത് ഒരിക്കല്‍ കൂടി പ്രയോഗിക്കും.

ALSO READ: കേരള സ്റ്റോറി 2ന്റെ റിലീസ് കോടതി തടഞ്ഞു; സെന്‍സര്‍ ബോര്‍ഡ് വീണ്ടും കാണണം

”ഡ്യൂ ക്യുര്‍ തളിച്ചു കഴിഞ്ഞാല്‍ പുല്ലിന്റെ ഇലകളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കില്ല. ഈര്‍പ്പം തട്ടുന്ന ഉടന്‍ തന്നെ അത് ആഗിരണം ചെയ്യപ്പെടുകയും പുല്ല് ഉണങ്ങിയ അവസ്ഥയിലാവുകയും ചെയ്യും.” ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ബുധനാഴ്ച പരിശീലനത്തിന് ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ മൈതാനത്തുള്ള ഈര്‍പ്പത്തിന്റെ ആഴം പരിശോധിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ടീം സംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും ഡ്യൂ ക്യുര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍, 2026-ലെ ഐപിഎല്‍ സീസണില്‍ എല്ലാ വേദികളിലും ഈ മിശ്രിതം ഉപയോഗിക്കുന്നത് ബിസിസിഐ നിര്‍ബന്ധമാക്കിയേക്കുമെന്ന് സൂചനയുണ്ട്.

ഇന്ന് രാത്രി 7 മണിക്കാണ് ഇന്ത്യ-സിംബാബ്വെ മത്സരം ആരംഭിക്കുന്നത്. സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് വലിയ വിജയം അനിവാര്യമാണ്. ഒപ്പം വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മല്‍സര ഫലം ഇന്ത്യയുടെ സാധ്യതകളെ സ്വാധീനിക്കും.