25
Mar 2026
Wed
25 Mar 2026 Wed
dmk sdpi alliance

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഡിഎംകെ (DMK) നേതൃത്വത്തിലുള്ള സെക്കുലര്‍ പ്രോഗ്രസീവ് അലയന്‍സില്‍ സീറ്റ് വിഭജനം തുടരുന്നു. മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന എസ്.ഡി.പി.ഐ (SDPI), മനിതനേയ ജനാധിപത്യ കക്ഷി (MJK), മുക്കുളത്തോര്‍ പുലിപ്പട (MPP) എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതം അനുവദിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാ ലയത്തില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ വി.എം.എസ്. മുഹമ്മദ് മുബാറക്, എംജെകെ നേതാവ് തമീമുന്‍ അന്‍സാരി, മുക്കുളത്തോര്‍ പുലിപ്പട നേതാവും നടനുമായ കരുണാസ് എന്നിവര്‍ പങ്കെടുത്തു.

ഈ മൂന്ന് പാര്‍ട്ടികളും ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ ‘ഉദയസൂര്യന്‍’ (Rising Sun) അടയാളത്തിലായിരിക്കും ജനവിധി തേടുക.
പാര്‍ട്ടികള്‍ക്ക് അനുവദിച്ച ഓരോ സീറ്റുകള്‍ ഏതെല്ലാമെന്ന് വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ അന്തിമമായി തീരുമാനിക്കും.

മറ്റ് പ്രമുഖ സഖ്യകക്ഷികളായ കോണ്‍ഗ്രസ്, വിസികെ, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതിന് പിന്നാലെയാണ് ചെറുകിട പാര്‍ട്ടികളുമായും ഡിഎംകെ ധാരണയിലെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന സഖ്യത്തിലാണ് എസ്ഡിപിഐക്കും സീറ്റ് നല്‍കിയത്. മൂന്ന് സീറ്റ് ആണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ മുന്നണിയില്‍ ആയിരുന്നു എസ്ഡിപിഐ. എന്നാല്‍, എഐഎഡിഎംകെ എന്‍ഡിഎയിലേക്ക് മടങ്ങിയതോടെ ഡിഎംകെക്ക് പിന്തുണ അറിയിച്ചു. മുന്നണിയില്‍ മുസ്ലിം ലീഗിനും രണ്ട് സീറ്റ് നല്‍കിയിരുന്നു.