പ്രണയബന്ധം എതിര്‍ത്ത അമ്മയെ കൊന്ന ശേഷം ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ കെട്ടിത്തൂക്കി 17കാരിയായ മകളും നാല് ആണ്‍സുഹൃത്തുക്കളും. കര്‍ണാടകയിലെ ഉത്തരഹള്ളിയിലാണ് സംഭവം. 34കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്. നേത്രാവതിയുടെ 17കാരിയായ മകളും 13നും 17നും ഇടയില്‍ പ്രായമുള്ള നാല് ആണ്‍സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു കൊലപാതകം. ഇതിലൊരാള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബാക്കി മൂന്നുപേര്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയവരാണെന്ന് പോലീസ് പറഞ്ഞു.
|
ഭര്‍ത്താവുമായി അകന്ന് മകള്‍ക്കൊപ്പം വേറെ താമസിച്ചുവരികയായിരുന്നു നേത്രാവതി. ടെലികോളറായും വായ്പാ വീണ്ടെടുക്കല്‍ സ്ഥാപനത്തിലെ സഹായിയായും ജോലിചെയ്തായിരുന്നു യുവതി മകളെ വളര്‍ത്തിയിരുന്നത്. ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തിയ 17കാരനുമായി പ്രണയത്തിലായിരുന്നു നേത്രാവതിയുടെ മകള്‍. നേത്രാവതിയുടെ ബന്ധുവായ കൗമാരക്കാരന്റെ സുഹൃത്തായിരുന്നു 17കാരന്‍. ഇവര്‍ പതിവായി നേത്രാവതിയുടെ വീട്ടിലെത്തിയിരുന്നു.
ഇതിനിടെയാണ് യുവതി 17കാരന് തന്റെ മകളുമായുള്ള പ്രണയത്തെക്കുറിച്ചറിയുന്നത്. ഇതോടെ ആണ്‍കുട്ടികളോട് വീട്ടില്‍ വരരുതെന്ന് നേത്രാവതി വിലക്കി. ഇതേച്ചൊല്ലി മകള്‍ നേത്രാവതിയുമായി വഴക്കിടുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 24ന് പെണ്‍കുട്ടിയും നാല് സുഹൃത്തുക്കളും മാളില്‍ വച്ച് കാണുകയും അമ്മ നേരത്തേ ഉറങ്ങുമെന്നും ഇതിനാല്‍ അടുത്ത ദിവസം രാത്രി വീട്ടിലേക്ക് വരാനും പെണ്‍കുട്ടി ഇവരെ ക്ഷണിക്കുകയും ചെയ്തു.
ഒക്ടോബര്‍ 25ന് പെണ്‍കുട്ടിയുടെ കാമുകനും മറ്റു മൂന്നുപേരും വീട്ടിലെത്തിയെങ്കിലും നേത്രാവതി ഉറക്കമുണരുകയും ഇവരെ കാണുകയും ചെയ്തു. മകളുടെ കാമുകനില്‍ നിന്ന് ഫോണ്‍പിടിച്ചുവാങ്ങിയ നേത്രാവതി വിവരം പോലീസില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മകളും സുഹൃത്തുക്കളും ചേര്‍ന്ന് നേത്രാവതിയെ കൊല്ലുകയും മൃതദേഹം കെട്ടിത്തൂക്കുകയം ചെയ്ത ശേഷം വീടു പൂട്ടി ഏവരും കടന്നുകളഞ്ഞു. തിങ്കളാഴ്ച നേത്രാവതിയുടെ സഹോദരിയും ഭര്‍ത്താവും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.
അമ്മയും മകളും തമ്മിലുള്ള വഴക്ക് അറിയാമെന്നതിനാല്‍ ഇവര്‍ ആത്മഹത്യയാണെന്നാണ് കരുതിയത്. എന്നാല്‍ മകളെ കാണാനില്ലാത്തതിനാല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ ഒക്ടോബര്‍ 30ന് പെണ്‍കുട്ടി മുത്തശ്ശിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതോടെ അമ്മായി ചോദ്യം ചെയ്യുകയും ഈ സമയം കൊലപാതകത്തെക്കുറിച്ചു വെളിപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് തുടര്‍ന്ന് ആണ്‍കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
ALSO READ: ബുര്‍ഖ ധരിച്ച് ഓഫിസില്‍ കയറി മേയറെയും ഭര്‍ത്താവിനെയും കൊന്ന അഞ്ചുപേര്‍ക്ക് വധശിക്ഷ


