|
ബിജു മേനോന്‍, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് തലവന്‍. പോലീസിന്റെ കുറ്റാന്വേഷണ ഡയറിയായ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്നാല്‍ ചിത്രത്തിലെ വേഷത്തിന്റെ പേരില്‍ ഒരുവിഭാഗം കേന്ദ്രങ്ങളില്‍നിന്ന് വിദ്വേഷ കമന്റുകള്‍ക്ക് ഇരയാവുകയാണ് നടി ലാലി പിഎം. ഇതിന് മറുപടിയുമായി നടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പുമായെത്തി.
മികച്ച ത്രില്ലറാണെന്നും എന്നാല്‍ കല്ലുകടിയായി തോന്നിയത് ലാലിയുടെയും സാബുമോന്റെയും അഭിനയമാണെന്നുമായിരുന്നു വിമര്‍ശന കുറിപ്പ്. എത്ര സിനിമ ചെയ്തിട്ടും അഭിനയത്തില്‍ പുരോഗതിയുണ്ടായില്ലെന്നും വിമര്‍ശിച്ചിരുന്നു. പിന്നാലെ ലാലിയെ വിമര്‍ശിച്ചും മെന്‍ഷന്‍ ചെയ്തും നിരവധി കമന്റുകള്‍ എത്തി. ഇതോടെയാണ് നടി മറുപടി നല്‍കിയത്. ഇമ്മാതിരി ഒക്കെ എഴുതി പോസ്റ്റ് ചെയ്യുവാന്‍ മനുഷ്യര്‍ക്ക് എത്രമാത്രം വെറുപ്പുണ്ടാവണം അല്ലേ എന്നാണ് താരം കുറിച്ചത്.

ലാലി മകളും നടിയുമായ അനാര്‍ക്കലി മരിക്കാര്‍ക്കൊപ്പം
ലാലിയുടെ പോസ്റ്റ്
മനുഷ്യര്‍ക്ക് എത്രമാത്രം വെറുപ്പുണ്ടാവണം അല്ലേ, ഇമ്മാതിരി ഒക്കെ എഴുതി പോസ്റ്റ് ചെയ്യുവാന്‍. എന്നെ ഇങ്ങനെയൊക്കെ പറയുന്നതില്‍ എനിക്ക് വിഷമം ഒന്നും ഇല്ല. ഞാന്‍ അതിനെ തമാശയായി എടുത്ത് വേണമെങ്കില്‍ അവിടെ 2 ചളി കമന്റും ഇടും. കാരണം എന്നെ എനിക്കറിയാവുന്നതുപോലെ മറ്റാര്‍ക്കെങ്കിലും അറിയാമെന്ന് ഞാന്‍ വിചാരിക്കുന്നേയില്ല. പക്ഷേ ഞാന്‍ അവിടെ ഒരു ലൈക്ക് കൊണ്ടോ കമന്റ് കൊണ്ടോ ആ പോസ്റ്റിന് റീച്ചു കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതിന്റെ ആവശ്യമില്ല, അതുകൊണ്ടുതന്നെ. ഞാന്‍ അഭിനയിച്ച എല്ലാ സിനിമയും കണ്ടിട്ടാണോ ഈ വിലയിരുത്തുന്നത് ഞാന്‍ ചോദിക്കുന്നില്ല. ചിലപ്പോള്‍ ആയിരിക്കുമെങ്കിലോ. എന്റെ അഭിനയത്തിന്റെ ഗ്രാഫ് ഉയരുന്നുണ്ടോ എന്ന് നോക്കാനുള്ള ആ ഒരു മനസ്സിനെ ഞാന്‍ കാണാതെ പോകുന്നില്ല. പക്ഷേ എനിക്ക് മനസ്സിലാവാത്തത് അത്തരം ഒരു പോസ്റ്റില്‍ എന്നെ മെന്‍ഷന്‍ ചെയ്യാന്‍ ചിലര്‍ കാണിക്കുന്ന ആ ഒരു നിഗൂഢമായ ആഹ്ലാദത്തെ പറ്റിയാണ്. ഇതൊക്കെ കണ്ടോളൂ നിങ്ങള്‍ അത്ര വലിയ സംഭവം ഒന്നുമല്ല. നിങ്ങളെപ്പറ്റി മനുഷ്യര്‍ക്കുള്ള അഭിപ്രായം ഇതാണ് എന്ന് കാണിക്കാനുള്ള ആ വെമ്പല്‍.

അതേസമയം, തലവന്‍ റിലീസ് ചെയ്ത് മൂന്ന് ദിവസത്തെ കളക്ഷന്‍ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ ബോക്‌സ് ഓഫീസ് വെബ്‌സൈറ്റ് ആയ സാക്‌നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം 4.75 കോടിയാണ് ചിത്രം നേടിയത്. ഇന്ത്യ ഗ്രോസ് കളക്ഷന്‍ 3.25 കോടിയാണ്. ഓവര്‍സീസ് കളക്ഷന്‍ 1.5 കോടിയും.
മെയ് 24ന് ആയിരുന്നു തലവന്‍ റിലീസ് ചെയ്തത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലുള്ള ചിത്രം കൂടിയാണ്.
THALAivan malayalam movie actress lali pm responds criticism


