ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് മോഹനര്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരരെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
|
പോറ്റി സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്.
തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപോര്‍ട്ട്. അനുമതി എല്ലാത്തിലും നിര്‍ബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാല്‍ ചില സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നല്‍കിയ അനുമതി സംശയകരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും തന്ത്രിയുടെ അനുമതി ആവശ്യമാണ്.
ദേവസ്വം വിജിലന്‍സ് ഒരു ഘട്ടത്തില്‍ തന്ത്രിയെ വിശ്വാസത്തില്‍ എടുത്താണ് മുന്നോട്ടുപോയത്. തന്ത്രിക്ക് സ്വര്‍ണക്കൊള്ളയില്‍ നേരിട്ട് പങ്കില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിടത്താണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.





