|
ചെന്നൈ : നടന്‍ വിജയ് സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വെങ്കട് പ്രഭു ഒരുക്കുന്നു ദളപതി 68ന് (താല്‍ക്കാലിക നാമം) പിന്നാലെ വിജയി സിനിമയില്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ഇടവേളയെടുക്കമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത് നേരത്തെ താരം സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ ഒരുങ്ങുന്നതായി തമിഴ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിുന്നു. ആ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2026ല്‍ നടക്കാന്‍ പോകുന്ന തമിഴ് നാട് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കോളിവുഡ് സൂപ്പര്‍ താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
2021 നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായി താരത്തിന്റെ ആരാധക കൂട്ടായ്മ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വിജയ് തന്നെ അവ നിരാകരിക്കുകയും ചെയ്തിരുന്നു. കൂടാതെ വിജയ് ഫാന്‍സ് തമിഴ് നാട് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകളില്‍ മത്സരിച്ചരുന്നു. എന്നാല്‍ അവരുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് കോളിവുഡ് താരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയായണ് വിജയ് ഫാന്‍സ്. അതേസമയം ഈ റിപ്പോര്‍ട്ടിനെ അനുബന്ധിച്ച് വിജയ് ഫാന്‍സിന്റെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.
നിലവില്‍ വിജയുടേതായി അണിയറയില്‍ ഒരുങ്ങുന്നത് ലോകേഷ് കനകരാജ് ചിത്രം ലിയോയാണ്. പൂജ റിലീസായി തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ആദ്യ ഗാനവും താരത്തിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് പുറത്ത് വിട്ടു. മാസ്റ്റര്‍ എന്ന സിനിമയ്ക്ക് ശേഷം വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്‌സായ ലോക്കിവേഴ്‌സിന്റെ ഭാഗമാണ് ലിയോ എന്നും നേരത്തെ സംവിധായകന്‍ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജമ്മു കശ്മീരില്‍ വെച്ചായിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.
ലിയോയ്ക്ക് ശേഷം വിജയ് നായകനാകുന്നത് വെങ്കട് പ്രഭു ചിത്രത്തിലാണ്. ഇതാദ്യമായിട്ടാണ് വിജയ് മങ്കാത്തയുടെ സംവിധായകനുമായി കൈകോര്‍ക്കുന്നത്. എജിഎസ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ദളപതി 68ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2003ല്‍ റിലീസ് ചെയ്ത പുതിയ ഗീതൈയ്ക്ക് ശേഷം വിജയ് യുവന്‍ ശങ്കര്‍ രാജ കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിത്രം 2024 തിയറ്ററുകളില്‍ എത്തിയേക്കും. ഈ ചിത്രത്തിന് ശേഷമാകും വിജയ് സിനിമയില്‍ നിന്നും ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നത്.


