14
Feb 2026
Sat
14 Feb 2026 Sat
idf

ഗസ്സയില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഇസ്രായേല്‍ തുടരുന്ന സൈനിക നീക്കങ്ങളില്‍ ഇസ്രായേല്‍ പൗരന്മാര്‍ക്ക് പുറമെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പേര്‍ പങ്കാളികളാകുന്നതായി ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. പ്രമുഖ അന്വേഷണാത്മക മാധ്യമമായ ‘ഡീക്ലാസിഫൈഡ് യുകെ’ പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണ് ഐഡിഎഫിനൊപ്പം ഗസ്സയിലെ ആക്രമണങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്ന വിദേശ പൗരന്മാരുടെ കൃത്യമായ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. 2025 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 50,000-ത്തിലധികം ഇസ്രായേല്‍ സൈനികര്‍ക്ക് ഇസ്രായേല്‍ പൗരത്വത്തിന് പുറമെ ചുരുങ്ങിയത് മറ്റൊരു രാജ്യത്തിന്റെ കൂടി പൗരത്വമുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേലിന് സൈനികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്ക തന്നെയാണ് സൈനികരുടെ എണ്ണത്തിലും ഒന്നാമത്. 13,000-ത്തിലധികം യുഎസ് പൗരന്മാരാണ് ഇസ്രായേല്‍ സൈനിക യൂണിറ്റുകളില്‍ സേവനമനുഷ്ഠിക്കുന്നത്. ഇതില്‍ 12,135 പേര്‍ ഇരട്ട പൗരത്വമുള്ളവരും, 1,200-ഓളം പേര്‍ രണ്ടിലധികം രാജ്യങ്ങളുടെ പൗരത്വമുള്ളവരുമാണ്. അമേരിക്കയ്ക്ക് പിന്നാലെ ഫ്രാന്‍സ്, റഷ്യ, ജര്‍മ്മനി, യുക്രൈന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പട്ടികയില്‍ മുന്നിലുള്ളത്. ഇതില്‍ ഫ്രാന്‍സില്‍ നിന്നുള്ള ആറായിരത്തിലധികം പേരും റഷ്യയില്‍ നിന്നുള്ള അയ്യായിരത്തിലധികം പേരും ഗസ്സയിലെ സൈനിക നടപടികളില്‍ പങ്കുചേരുന്നുണ്ട്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ പട്ടികയിലെ ഭൂരിഭാഗം പേരും. റൊമാനിയ, പോളണ്ട്, കാനഡ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആയിരത്തിലധികം വീതം സൈനികര്‍ വീതം ഐഡിഎഫിന്റെ ഭാഗമായിട്ടുണ്ട്. ഇതുകൂടാതെ ഹംഗറി, ഇറ്റലി, അര്‍ജന്റീന, നെതര്‍ലന്‍ഡ്സ്, ബ്രസീല്‍, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ബെല്‍ജിയം, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇസ്രായേല്‍ സൈനിക വേഷത്തില്‍ ഗസ്സയില്‍ യുദ്ധം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ ഇസ്രായേല്‍ പൗരത്വമില്ലാതെ സൈന്യത്തില്‍ ചേരുന്ന ‘ലോണ്‍ സോള്‍ജിയര്‍മാരുടെ’ എണ്ണത്തെക്കുറിച്ച് മാത്രമേ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിരുന്നുള്ളൂ. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഐഡിഎഫില്‍ പ്രവര്‍ത്തിക്കുന്നവരുടെ യഥാര്‍ത്ഥ സംഖ്യ ഭരണകൂടങ്ങള്‍ നല്‍കിയിരുന്നതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

ഗസ്സയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും വംശഹത്യയിലും പങ്കാളികളായ ഇരട്ട പൗരത്വമുള്ള സൈനികര്‍ക്കെതിരെ നിയമനടപടി വേണമെന്ന ആവശ്യം വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ ശക്തമാണ്. ബ്രിട്ടനില്‍ 1870-ല്‍ പാസാക്കിയ ഫോറിന്‍ എന്‍ലിസ്റ്റ്മെന്റ് ആക്ട് പ്രകാരം, ബ്രിട്ടന്‍ സമാധാനത്തില്‍ കഴിയുന്ന ഒരു രാജ്യത്തിനെതിരെ മറ്റൊരു വിദേശ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്നത് കുറ്റകരമാണ്. ബ്രിട്ടന്‍ അടുത്തിടെ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പശ്ചാത്തലത്തില്‍, ഇസ്രായേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ ഈ നിയമം പ്രയോഗിക്കണമെന്നാണ് നിയമവിദഗ്ധരുടെ വാദം.

ഗസ്സ ആസ്ഥാനമായുള്ള ഫലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സും പബ്ലിക് ഇന്ററസ്റ്റ് ലോ സെന്ററും സംയുക്തമായി മെട്രോപൊളിറ്റന്‍ പോലീസിന്റെ യുദ്ധക്കുറ്റ വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ട്. സാധാരണക്കാരെയും സന്നദ്ധപ്രവര്‍ത്തകരെയും വധിച്ചതിനും സിവിലിയന്‍ മേഖലകളില്‍ ബോംബാക്രമണം നടത്തിയതിനും തെളിവുകള്‍ സഹിതമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ആരും നിയമത്തിന് അതീതരല്ലെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും പ്രമുഖ മനുഷ്യാവകാശ അഭിഭാഷകര്‍ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു. വരും ദിവസങ്ങളില്‍ ഈ വിദേശ സൈനികരുടെ പങ്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ നയതന്ത്ര-നിയമ തര്‍ക്കങ്ങള്‍ക്ക് കാരണമാകുമെന്ന് ഉറപ്പാണ്.