|
ന്യൂഡല്‍ഹി: പാകിസ്ഥാന് രാജ്യരഹസ്യങ്ങൾ ചോർത്തി നൽകിയ വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നും കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ നിന്നും വേദന്‍ ലക്ഷ്മണ്‍ ടന്‍ഡേല്‍, അക്ഷയ് രവി നായിക് എന്നിവരെയും ആണ് പിടികൂടിയത്.
ഇന്ത്യയുടെ രഹസ്യ നാവിക, പ്രതിരോധ വിവരങ്ങൾ ഉൾപ്പെടെ ഇവർ ശത്രു രാജ്യത്തിന് ചോർത്തിയ കേസിലാണു നടപടി. മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും അതിന് പണം കൈപ്പറ്റുകയും ചെയ്‌തുവെന്നു എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി.
വിശാഖപട്ടണം കപ്പൽശാലയിലെ വിവരങ്ങൾ പാകിസ്താന് ചോർത്തിയെന്ന കേസിൽ കഴിഞ്ഞവർഷം അഭിലാഷിനെയും കൊച്ചി കപ്പൽശാലയിലെ വെൽഡർ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂർ സ്വദേശി അഭിഷേകിനെയും എൻ.ഐ.എ ചോദ്യംചെയ്തിരുന്നു. തെളിവ് ലഭിക്കാത്തതിനാൽ അഭിലാഷിനെ വിട്ടയച്ചെങ്കിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. പിന്നാലെയാണ് തെളിവ് ലഭിച്ചതോടെ അറസ്റ്റ് ചെയ്തത്.
ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടന ISI യുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
2021 ജനുവരിയിൽ ആന്ധ്രപ്രദേശിലെ കൗണ്ടർ ഇന്റലിജൻസ് സെൽ റജിസ്റ്റർ ചെയ്ത കേസ് 2023 ജൂണിൽ ആണ് എൻഐഎ ഏറ്റെടുത്തത്. ഒളിവിൽ പോയ 2 പാക്കിസ്ഥാനികൾ ഉൾപ്പെടെ 5 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ആദ്യം അറസ്റ്റിലായ ISI ഏജൻ്റ് ആയ പാക് പൗരൻ മീർ ബാലജ് ഖാനും അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തി റാക്കറ്റിൽ സജീവമായിരുന്നു. ഒളിവിൽ പോയ മറ്റൊരു പാക് ഏജൻ്റ് ആൽവെൻ, മൻമോഹൻ സുരേന്ദ്ര പാണ്ഡ, അമാൻ സലിം ഷെയ്ഖ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.
NIA arrests three in ISI-linked man including keralite in espionage case





