തൃശ്ശൂര്‍: മണലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപിനെതിരേ വന്‍ അഴിമതി ആരോപണം. നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി കെ ഫിറോസ് ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
|
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ പ്രതാപന് ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. എട്ടുകോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപന് രാവിലെ കോണ്‍ഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. സിപിഎമ്മിന്റെ തൃശ്ശൂര്‍ ജില്ലാക്കമ്മിറ്റി ഓഫിസില്‍ എല്‍ഡിഎഫ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഫിറോസ് സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിയായ പ്രതാപിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
‘ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ടി എന്‍ പ്രതാപന് ഓടിയെത്തുന്നു. പോലിസുമായി കയര്‍ക്കുന്നു. ബിജെപിക്കെതിരേ വലിയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ ഇന്നലെയാണ് അത് അറിഞ്ഞത്. പക്ഷേ ഞങ്ങള്‍ മൂന്നുദിവസം മുന്‍പേ അത് അറിഞ്ഞു, ആ പ്ലാന്‍ ചെയ്യുന്ന പരിപാടി. ബിജെപിയുടെ പ്രധാനപ്പെട്ട ഒരു നേതാവുമായി പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണ് ഈ കിറ്റ് വിതരണം. കാരണം അവിടെ മുസ്ലിം സമുദായം 20 ശതമാനമാണ്. ക്രൈസ്തവ സമുദായം 20 ശതമാനമാണ്. ഈ മുസ്ലിം-ക്രൈസ്തവ വോട്ടാണ് പ്രതാപന്റെ ഉന്നം. പക്ഷേ, കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതാപന് ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടും സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ കൃത്യമായ ഇടപെടലും ഗൂഢാലോചനയുമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവശം രേഖകളായിട്ടുണ്ട്’, ഫിറോസ് പറഞ്ഞു.
‘കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിന് വേണ്ടി പ്രതാപന് നടത്തിയ ഇടപെടല്‍ എന്നുപറഞ്ഞാല്‍ നിസാര ഇടപാടല്ല. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്. സത്യം എന്റെ കണ്ണുകൊണ്ട് കണ്ടതാണ്. എട്ടുകോടി രൂപയാണ് നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും കയ്യില്‍നിന്ന് പ്രതാപന് കൈപ്പറ്റി വിതരണം ചെയ്തത്’, ഫിറോസ് ആരോപിച്ചു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃശ്ശൂരിലെ മണലൂര്‍. മുന്‍മന്ത്രി സി. രവീന്ദ്രനാഥാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെ കെ അനീഷ്കുമാറാണ് എന്‍ഡിഎയ്ക്കുവേണ്ടി മത്സരിക്കുന്നത്. പോളിങ്ങിന് മൂന്നുദിവസം അവശേഷിക്കവേയാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. അതേസമയം, ഇത്തരം ഡീലൊന്നും നടന്നിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.




