06
Nov 2026
Fri
06 Nov 2026 Fri

ഷാർജ: ഒരു നോവൽ മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് പുതിയൊരു നോവൽ എഴുതുന്നതിന് തുല്യമാണെന്ന് അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവും വിവർത്തകയുമായ ഡെയ്‌സി റോക്ക്‌വെൽ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സംസാരിക്കുകയായിരുന്നു അവർ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓരോ വാക്കിന്റെയും പ്രയോഗത്തിന്റെയും അർത്ഥം ഉൾക്കൊണ്ട് പുതിയ ഭാഷയിൽ സർഗാത്മകമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. മൂലകൃതിയുടെ ആശയം നിലനിർത്തുന്നതിനൊപ്പം പുതിയ ഭാഷയുടെ സവിശേഷതകളും പരിഗണിക്കണമെന്നും അവർ പറഞ്ഞു.

ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവലായ രേത് സമാധി ഇംഗ്ലീഷിലേക്ക് ടോംബ് ഓഫ് സാൻഡ് എന്ന പേരിൽ വിവർത്തനം ചെയ്ത അനുഭവവും അവർ പങ്കുവെച്ചു. ഈ കൃതിയുടെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് 2022-ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ലഭിച്ചത്.

സാഹിത്യ വിവർത്തനത്തിൽ കൃത്രിമബുദ്ധിക്ക് പരിമിതികളുണ്ടെന്നും ഭാഷയുടെയും സംസ്കാരത്തിന്റെയും സങ്കീർണമായ അർത്ഥങ്ങൾ തിരിച്ചറിഞ്ഞ് തീരുമാനമെടുക്കാൻ മനുഷ്യന്റെ സർഗാത്മകത ആവശ്യമാണെന്നും ഡെയ്‌സി റോക്ക്‌വെൽ അഭിപ്രായപ്പെട്ടു.

നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്. 17 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയിലുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക