പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച പുറത്തുവിട്ട പ്രഖ്യാപനത്തോടെ 23 വർഷം നീണ്ട പോർച്ചുഗൽ ദേശീയ ടീമിലെ അദ്ദേഹത്തിന്റെ അവിസ്മരണീയ യാത്രയ്ക്കാണ് അവസാനമായത്. ആറ് ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ച റൊണാൾഡോ യൂറോ കപ്പ് കിരീടവും പുരുഷ രാജ്യാന്തര ഫുട്ബോളിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡും സ്വന്തമാക്കിയാണ് പടിയിറങ്ങുന്നത്.
|
ദേശീയ ടീമിനായി 234 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 146 ഗോളുകളാണ് നേടിയത്. 2004ലെ യൂറോ കപ്പിന് മുന്നോടിയായി ആരംഭിച്ച രാജ്യാന്തര കരിയറിൽ നിരവധി റെക്കോർഡുകളും നേട്ടങ്ങളും റൊണാൾഡോ സ്വന്തമാക്കി.
വിടവാങ്ങൽ സന്ദേശത്തിൽ പോർച്ചുഗൽ ജഴ്സി അണിയാൻ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വലിയ അഭിമാനമാണെന്ന് റൊണാൾഡോ പറഞ്ഞു. 23 വർഷമായി താൻ അണിഞ്ഞും സംരക്ഷിച്ചും പോന്ന ഏഴാം നമ്പർ ജഴ്സി ഇനി പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.
കരിയറിൽ അവിസ്മരണീയ വിജയങ്ങളും മറക്കാനാകാത്ത തോൽവികളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ പോർച്ചുഗലിനായി കളിക്കുന്നതിലുള്ള അഭിമാനം ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ലെന്നും റൊണാൾഡോ പറഞ്ഞു. പരിശീലകർ, സഹതാരങ്ങൾ, മെഡിക്കൽ സംഘം, മറ്റ് ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചാലും പോർച്ചുഗലുമായുള്ള ബന്ധം അവസാനിക്കില്ലെന്നും രാജ്യത്തിന്റെ ഭാഗമായിത്തന്നെ തുടരുമെന്നും റൊണാൾഡോ വ്യക്തമാക്കി.
23 വർഷം നീണ്ട ഇതിഹാസ യാത്രയ്ക്ക് വിരാമമിടുമ്പോൾ, പോർച്ചുഗീസ് ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അധ്യായങ്ങളിലൊന്നായാണ് റൊണാൾഡോയുടെ വിടവാങ്ങൽ അടയാളപ്പെടുത്തപ്പെടുന്നത്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




