Trump to raise US global tariff വാഷിംഗ്ടണ്‍: ഇറക്കുമതി തീരുവകള്‍ (Tariffs) റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ കടുത്ത നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോടതി റദ്ദാക്കിയ 10 ശതമാനം നികുതി 15 ശതമാനമായി ഉയര്‍ത്തിക്കൊണ്ടാണ് ട്രംപ് തിരിച്ചടിച്ചത്. ശനിയാഴ്ച തന്റെ ‘ട്രൂത്ത് സോഷ്യല്‍’ പ്ലാറ്റ്ഫോമിലൂടെയാണ് ‘ഉടനടി പ്രാബല്യത്തില്‍’ വരുന്ന രീതിയിലുള്ള ഈ പ്രഖ്യാപനം അദ്ദേഹം നടത്തിയത്.
|
സുപ്രീം കോടതിയുടെ വെള്ളിയാഴ്ചത്തെ വിധി ‘പരിഹാസ്യവും വിഡ്ഢിത്തവും അമേരിക്കന്‍ വിരുദ്ധവുമാണ്’ എന്ന് ട്രംപ് കുറ്റപ്പെടുത്തി. നികുതി ചുമത്താനുള്ള അധികാരം അമേരിക്കന്‍ കോണ്‍ഗ്രസിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് 6-3 ഭൂരിപക്ഷത്തില്‍ കോടതി ട്രംപിന്റെ മുന്‍പത്തെ ഉത്തരവ് റദ്ദാക്കിയത്.
നിയമം മാറ്റിപ്പിടിച്ച് ട്രംപ്
നേരത്തെ ‘അടിയന്തര സാമ്പത്തിക അധികാര നിയമം’ (IEEPA) ഉപയോഗിച്ചാണ് ട്രംപ് നികുതി ചുമത്തിയിരുന്നത്. എന്നാല്‍ കോടതിയിതില്‍ ഇടപെട്ടതോടെ, 1974-ലെ ട്രേഡ് ആക്ട് (സെക്ഷന്‍ 122) എന്ന മറ്റൊരു നിയമം ഉപയോഗിച്ചാണ് പുതിയ 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയമപ്രകാരം പ്രസിഡന്റിന് നല്‍കാവുന്ന പരമാവധി നികുതിയാണിത്. എങ്കിലും, കോണ്‍ഗ്രസ് അംഗീകരിച്ചില്ലെങ്കില്‍ ഈ നികുതിക്ക് 150 ദിവസത്തെ കാലാവധി മാത്രമേ ഉണ്ടാകൂ.
133 ബില്യണ്‍ ഡോളറിന്റെ നിയമയുദ്ധം
ട്രംപ് ഭരണകൂടം ഇതുവരെ ആഗോളതലത്തില്‍ നികുതിയായി പിരിച്ചെടുത്ത 133 ബില്യണ്‍ ഡോളര്‍ തിരിച്ചുപിടിക്കാന്‍ വിവിധ രാജ്യങ്ങളും ബിസിനസ് സ്ഥാപനങ്ങളും നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനോടകം ആയിരക്കണക്കിന് പരാതികളാണ് കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വലിയ കമ്പനികള്‍ക്ക് പണം തിരികെ ലഭിക്കാന്‍ എളുപ്പമാണെങ്കിലും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ALSO READ: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്റെ വ്യോമാക്രമണം; ഭീകരതാവളങ്ങള്‍ തകര്‍ത്തതായി അവകാശവാദം
ആഗോള പ്രതികരണങ്ങള്‍
ട്രംപിന്റെ നീക്കത്തെ ‘പരാജയം’ (Fiasco) എന്നാണ് ഹോങ്കോങ് സാമ്പത്തിക കാര്യ സെക്രട്ടറി ക്രിസ്റ്റഫര്‍ ഹിയു വിശേഷിപ്പിച്ചത്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് ഇതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത നിലപാട് സ്വീകരിക്കുമെന്ന് അറിയിച്ചു. മാര്‍ച്ച് ആദ്യം അദ്ദേഹം ട്രംപുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്. അതേസമയം, തായ്വാന്‍, ബ്രിട്ടന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകള്‍ നിലവിലെ സാഹചര്യത്തില്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
അമേരിക്കയില്‍ രാഷ്ട്രീയ പോര്
നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഡെമോക്രാറ്റുകള്‍ ശക്തമായി രംഗത്തെത്തി. ട്രംപ് ജനങ്ങളുടെ ‘പോക്കറ്റടിക്കുകയാണെന്ന്’ ഹൗസ് വേയ്സ് ആന്റ് മീന്‍സ് കമ്മിറ്റി കുറ്റപ്പെടുത്തി. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് കാരണം ട്രംപിന്റെ നികുതി നയങ്ങളാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ആരോപിച്ചു.
നിലവിലെ സര്‍വേകള്‍ പ്രകാരം 34 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന്റെ സാമ്പത്തിക നയങ്ങളെ അനുകൂലിക്കുന്നത്. 57 ശതമാനം പേരും ഇതില്‍ അതൃപ്തരാണ്.





