|
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിച്ചു ഡൊണാൾഡ് ട്രമ്പ് ഭരണകൂടം. കുടിയേറ്റക്കാരെ കുപ്രസിദ്ധ ഗ്വാണ്ടനാമോ തടവറയില്‍ അടയ്ക്കാന്‍ ആണ് നീക്കം. ഇതിൻ്റെ ഭാഗമായി ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാന്‍ ഡോണള്‍ഡ് ട്രംപ് ഉത്തരവ് നല്‍കി. രേഖകള്‍ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയാണ് തടവറയില്‍ അടയ്ക്കുക.
30,000 ത്തോളം തടറകള്‍ സജ്ജമാക്കാനാണ് വൈറ്റ് ഹൗസ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന് നൽകിയ നിര്‍ദേശം. ഗ്വാണ്ടനാമോ ജയിലിനെ ‘പുറത്തുകടക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു സ്ഥലം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ‘നമ്മുടെ സമൂഹത്തിലെ കുടിയേറ്റ കുറ്റകൃത്യങ്ങളുടെ വിപത്ത് എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിലേക്ക് ഒരു ചുവട് വെപ്പാണിത്’ എന്നും പ്രഖ്യാപിച്ചു.
ഭീകരവാദം അടക്കം ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരെ അടയ്ക്കുന്ന കുപ്രസിദ്ധ തടവറയാണ് ഗ്വാണ്ടനാമോ. അതേസമയം അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവരയില്‍ അടയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ക്യൂബ വിമര്‍ശിച്ചു. ട്രംപിന്റെത് അതിക്രൂരമായ നടപടിയാണെന്ന് ക്യൂബ അഭിപ്രായപ്പെട്ടു. ക്യൂബയോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് ആണ് ഈ തടവറ ഉളളത്.
യുഎസിൽ ഇന്ത്യക്കാർ അടക്കമുള്ള ലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാർ ആണ് ഉള്ളത്.
ട്രംപ് തൻ്റെ രണ്ടാം ടേമിൽ വാഗ്ദാനം ചെയ്ത അനധികൃത കുടിയേറ്റത്തിനെതിരെയുള്ള അടിച്ചമർത്തൽ പദ്ധതി ശക്തമാക്കാൻ നേരത്തേ ട്രമ്പ് തീരുമാനിച്ചിരുന്നു. ഒപ്പം യുഎസ് സർക്കാരിനെ തന്നെ തൻ്റെ വലതുപക്ഷ പ്രതിച്ഛായയിലേക്ക് മാറ്റാനുള്ള സമാന്തര നീക്കവും നടത്തുന്നുണ്ട്.
Trump to Use Guantanamo jail To Detain Illegal Migrants


