സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ വന്‍ സ്‌ഫോടനം. ഏതാനും മിനിറ്റുകള്‍ക്കിടെ രണ്ട് വന്‍ സ്‌ഫോടനങ്ങളാണ് റിയാദിലുണ്ടായത്. ഇതിനു പിന്നാലെ പൊതുജനങ്ങള്‍ക്കായി അധികൃതര്‍ എസ്എംഎസിലൂടെ അപായ മുന്നറിയിപ്പ് നല്‍കി. സൗദിയില്‍ റിയാദ്, അല്‍ ഖര്‍ജ് ഗവര്‍ണറേറ്റുകളിലാണ് മുന്നറിയിപ്പ് സന്ദേശം നല്‍കിയിട്ടുള്ളത്. നാല് ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയെന്നും ഇവയെല്ലാം ആകാശത്തുവച്ച് തന്നെ തകര്‍ത്തുവെന്നും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈല്‍ അവശിഷ്ടങ്ങള്‍ നഗരത്തില്‍ പതിച്ചതായും ആളപായമോ പരിക്കുകളോ ഇല്ലെന്നാണ് പ്രാഥമിക വിവരം.
|
പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനിയെയും ആഭ്യന്തര സുരക്ഷാ സേനയായ ഖാസിജ് കമാന്‍ഡര്‍ ഗുലാം റെസ സുലൈമാനിയെയും യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ വധിച്ചതിനു പിന്നാലെ ഇറാന്‍ യുഎസിന്റെ സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഖത്തറിലെയും യുഎഇയിലെയും സൗദി അറേബ്യയിലെയും ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി ഉല്‍പ്പാദന കേന്ദ്രമായ ഖത്തറിലെ റാസ് ലാഫനിലെ തൊഴിലാളികളെ ആക്രമണ ഭീതിയില്‍ ഇന്ന് ഒഴിപ്പിക്കുകയുണ്ടായി. ഇതിനു സമീപത്തുള്ള താമസക്കാരെയും ഒഴിപ്പിച്ചിരുന്നു. ആളുകളെ ഒഴിപ്പിക്കണമെന്ന ഇറാന്റെ താക്കീതിനു പിന്നാലെയായിരുന്നു നടപടി. ആക്രമണത്തെ തുടര്‍ന്ന് ഇവിടെയുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ALSO READ: അലി ലാറിജാനിയുടെ കൊലയാളികള്‍ വില നല്‍കേണ്ടി വരുമെന്ന് മുജ്തബ ഖാംനഇ



