15
Feb 2025
Wed
15 Feb 2025 Wed
Two Soldiers Killed in west bank hamas attack

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടെല്‍അവീവ്: ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നെങ്കിലും ഫലസ്തീന്റെ മറ്റൊരു ഭാഗമായ അധിനിവിശ്ട വെസ്റ്റ്ബാങ്കില്‍കടന്നാക്രമണം നടത്തിവരികയായിരുന്ന ഇസ്രായേലിനെ ഞെട്ടിച്ച് ഹമാസ് ആക്രമണം. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ വെസ്റ്റ്ബാങ്കിലെ തുബസ് നഗരത്തില്‍പ്പെട്ട തയാസീറിലെ സൈനിക ക്യാംപിന് നേര്‍ക്കാണ് ആക്രമണം. ഇന്നലെ പ്രാദേശിക സമയം ഉച്ചയോടെയാണ് സംഭവം.

ഫലസ്തീനികളെ നിരീക്ഷിക്കാനായി ഇസ്രായേല്‍ സ്ഥാപിച്ച വാച്ച് ടവറില്‍ അതിസാഹസികമായി കയറിപ്പറ്റിയാണ് ഹമാസ് ഇസ്രായേലിനെ വെല്ലുവിളിച്ച് ആക്രമണം നടത്തിയത്. ഹമാസ് പോരാളികളിലൊരാള്‍ ബുള്ളറ്റ് പ്രൂഫ്ജാക്കറ്റ് ഉള്‍പ്പെടെ ധരിച്ചാണ് ഇസ്രായേല്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. വാച്ച് ടവറില്‍കയറിയ പോരാളി ഇസ്രായേല്‍ ചെക്ക്‌പോയിന്റിന് നേര്‍ക്ക് തുരുതുരാ വെടിയിതിര്‍ക്കുകയായിരുന്നു. 39ഉം 42വയസ്സ് പ്രായമുള്ള സൈനിക ഓഫിസര്‍മാരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റെങ്കിലും ഗുരുതരമായി പരുക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു. പരിക്കേറ്റ സൈനികര്‍ അടുത്തിടെ വിന്യസിക്കപ്പെട്ട റിസര്‍വ് സൈനികരാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് തമ്മൂണില്‍ നഷ്ടം നേരിട്ട അതേ ബറ്റാലിയനില്‍ പെട്ടവരാണെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ആക്രമണം ‘കഠിനവും അസ്വീകാര്യവു’മാണെന്നാണ് സൈനിക വൃത്തങ്ങള്‍ വിശേഷിപ്പിച്ചത്.

വാച്ച് ടവറില്‍ കയറിയ പോരാളി ചെക്ക്‌പോയിന്റില്‍ വിശ്രമിക്കുകയായിരുന്ന സൈന്യത്തിന് നേരെ പൊടുന്നനെ വെടിവയ്ക്കുകയായിരുന്നുവെന്നും ബുള്ളറ്റ് പ്രൂഫ് ധരിച്ചതിനാല്‍ പോരാളിയെ പെട്ടെന്ന് കീഴടക്കാനായില്ലെന്നും ഏതാനും മിനിറ്റ് സമയം രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഏറ്റുമുട്ടലില്‍ ആക്രമണം നടത്തിയ ഹമാസ് പോരാളി കൊല്ലപ്പെട്ടു.

മുമ്പും ഫലസ്തീന്‍ പോരാളികളും ഇസ്രായേലിസൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പ്രദേശമാണ് തയാസീര്‍ ചെക്ക് പോയിന്റ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തിട്ടുണ്ട്.

Two Soldiers Killed in west bank hamas attack