07
Feb 2024
Sat
07 Feb 2024 Sat

കണ്ണൂരില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റിനെതിരെ UAPA ചുമത്തും, ATS അന്വേഷിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് സംഘത്തിലെ സുരേഷിനെിരെ യു.എ.പി.എ ചുമത്തും. അന്വേഷണം എടിഎസ് ഏറ്റെടുക്കുമെന്നും കണ്ണൂര്‍ പോലീസ് അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മാവോയിസ്റ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ഇന്നലെയാണ് പരിക്കേറ്റ സുരേഷിനെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് കടന്നത്. മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷല്‍ സോണ്‍ കമ്മിറ്റി അംഗമാണ് ചിക് മംഗളൂര്‍ സ്വദേശി സുരേഷ് എന്നാണ് പോലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് ആറ്മണിക്കാണ് കോളനിയിലെ ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സായുധ സംഘം എത്തിയത്. ഭക്ഷണസാധനങ്ങള്‍ പണം നല്‍കി വാങ്ങുകയും സുരേഷിന് ചികിത്സ ലഭ്യമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കാട്ടാന ആക്രമണത്തില്‍ മൂന്ന് ദിവസം മുന്‍പാണ് പരിക്കേറ്റതാണെന്ന് അറിയിക്കുകയും ചെയ്തു. സുരേഷിനെ ഈ വീട്ടില്‍ കിടത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് മടങ്ങി.

പിന്നാലെ വിവരമറിഞ്ഞ് പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയര്‍ അടക്കമുള്ളവര്‍ കോളനിയിലെത്തി. പരിക്കേറ്റ മാവോയിസ്റ്റുമായി സംസാരിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യം വീണ്ടെടുത്ത ശേഷമാകും സുരേഷിനെ എ.ടി.എസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യുകയും ചെയ്യുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക