കേരളത്തില്‍ നിന്ന് ഉംറയ്ക്കു കൊണ്ടുപോയ തീര്‍ഥാടകരെ മദീനയില്‍ ഉപേക്ഷിച്ച് ഏജന്റ് മുങ്ങിയതായി പരാതി. മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 160 തീര്‍ഥാടകരാണ് ഏജന്റിന്റെ വഞ്ചനയില്‍ പെട്ട് സൗദിയില്‍ കുടുങ്ങിയത്.
|
ഏജന്റായ മംഗലാപുരം പുത്തൂര്‍ സ്വദേശി അഷ്‌റഫ് സഖാഫിയാണ് പണംവാങ്ങി തീര്‍ഥാടകരെ കബളിപ്പിച്ചു മുങ്ങിയത്. ഏജന്റ് മുങ്ങുകയും വാടക ലഭിക്കാതെ വരികയും ചെയ്തതോടെ തീര്‍ഥാടകരെ ലോഡ്ജില്‍ നിന്ന് ഇറക്കിവിട്ടെന്നും ഭക്ഷണത്തിനു പോലും നിവൃത്തിയില്ലെന്നും തീര്‍ഥാടകര്‍ പറയുന്നു.
അഷ്‌റഫ് സഖാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് മുഹമ്മദിയ്യ ഹജ്ജ് ഗ്രൂപ്പ്. മടക്ക ടിക്കറ്റ് നല്‍കാത്തതിനാല്‍ നിരവധിപേര്‍ ഇപ്പോഴും ദമ്മാം വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നതായും തീര്‍ഥാടകര്‍ പറയുന്നു.
പ്രായമായ ആളുകളും കാന്‍സര്‍ രോഗികളും വരെ തീര്‍ഥാടക സംഘത്തിലുണ്ട്. 65000 രൂപ വീതം ഈടാക്കിയാണ് മുഹമ്മദീയ ഹജ്ജ് ഗ്രൂപ്പ് വഴി ഇവര്‍ ഉംറയ്ക്ക് പോയത്.
ഉംറ നിര്‍വഹിച്ച ശേഷം മടക്കയാത്രയ്ക്ക് ടിക്കറ്റ് ശരിയാക്കാനെന്ന് പറഞ്ഞ് അഷ്‌റഫ് സഖാഫി മുങ്ങുകയായിരുന്നുവെന്നാണ് തീര്‍ഥാടകര്‍ പറയുന്നത്. അതേസമയം സന്നദ്ധസംഘടനകള്‍ വിഷയത്തില്‍ ഇടപെടുകയും കുടുങ്ങിക്കിടന്ന തീര്‍ഥാടകര്‍ക്ക് താമസവും ഭക്ഷണവും ഏര്‍പ്പെടുത്തുകയും മടക്കയാത്രയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





